കടലിന്റെ അനന്തതയ്ക്കും പച്ചപ്പുകള്‍ അതിരിടുന്ന കായലിന്റെ വശ്യതയ്ക്കും നടുവിലൂടെ ഒരു സഞ്ചാരം. കാപ്പില്‍ നല്‍കുന്ന അനുഭവം ഇതാണ്. പ്രകൃതി ഇവിടെ ഒരു ജലചിത്രം. കേരളം ഇവിടെ കേരങ്ങള്‍ക്കിടയില്‍ പല നിറങ്ങളിലെ ജലവിതാനങ്ങള്‍.
തിരുവനന്തപുരം-കൊല്ലം ജില്ലാ അതിര്‍ത്തിയിലാണ് കാപ്പില്‍ കടല്‍ത്തീരം. കടല്‍ത്തീരം മാത്രമല്ല ഇത്, ഒരേസമയം കായല്‍ത്തീരവും. വര്‍ക്കലയില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ ദൂരം. പരവൂര്‍ കായലും അറബിക്കടലും മുഖാമുഖം കാണുന്ന സുന്ദരതീരം. കടലിനും കായലിനും ഇടയ്ക്ക് ഒരു മണല്‍ത്തിട്ടയുടെ അകലം മാത്രം.
ക്രിസ്മസ് ദിനത്തില്‍ ഞങ്ങള്‍ കാപ്പിലില്‍ എത്തുമ്പോള്‍ കടല്‍ത്തീരം വിനോദസഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഇവിടെ ആഴ്ചയുടെ അവസാനങ്ങളിലും അവധികളിലും ഉത്സവദിവസങ്ങളിലുമെല്ലാം നല്ല തിരക്കാണ്. കുടുംബവുമൊത്ത് കാപ്പിലിലെ അനുപമ സുന്ദരമായ കാഴ്ച നുകരാന്‍ എത്തുന്നവര്‍. കടലിന്റെ തിരകള്‍ക്കൊപ്പം തിമിര്‍ത്ത് മറിയുന്നവര്‍.
വര്‍ക്കലയില്‍ നിന്ന് ഇടവാ പരവൂര്‍ റോഡില്‍ ഇടവാപ്പള്ളിക്ക് സമീപം മുതല്‍ കാഴ്ചകള്‍ മാറിത്തുടങ്ങും. വഴിയരികില്‍ കടലിന്റെയും കായലിന്റെയും മാറിമാറിയുള്ള തിരനോട്ടം. കാപ്പില്‍ പാലം തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തിയാണ്. ഇവിടെ എത്തുമ്പോഴേക്കും കായലിനും കടലിനും ഇടയിലെ വരമ്പായി റോഡ് മാറുന്നു. കടലിന്റെ അപാരതയും കായലിന്റെ ശാന്തതയും ചേര്‍ന്ന വിചിത്രമായ പ്രകൃതിയിലൂടെ ഇങ്ങനെ കുറേനേരം യാത്ര ചെയ്യാം. നഗരത്തില്‍നിന്ന് രണ്ടുമണിക്കൂര്‍ കൊണ്ട് എത്താവുന്ന ഈ തീരം നല്‍കുന്നത് വിസ്മയകരമായ ഒരു അനുഭവംതന്നെ.
കാപ്പില്‍ പാലത്തിന് സമീപത്തെ കടല്‍ത്തീരത്താണ് ഇവിടെ സഞ്ചാരികള്‍ സായാഹ്നം ആസ്വദിക്കുന്നത്. ഈ തീരത്തിന് ഇടതുവശം കായലിന്റെ സ്വന്തം. വെറും മീറ്ററുകളുടെ വ്യത്യാസത്തിലാണ് ഇവിടെ കടലും കായലും. തിരകളോടൊത്ത് നിങ്ങള്‍ക്ക് ഉല്ലാസമാടാം. അല്ലെങ്കില്‍ കടപ്പുറത്തെ കല്ലടുക്കിലിരുന്ന് അനന്തതയോട് കിന്നാരം പറയാം. അന്തിക്ക് ചക്രവാളങ്ങളില്‍ സൂര്യന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ നോക്കിയിരിക്കാം.
കാപ്പിലില്‍ എത്തുംമുമ്പ് ഇടവാ - മൂന്നുമൂലയില്‍ ഇറങ്ങിയാല്‍ ഏതാണ്ട് മൂന്നുകിലോമീറ്റര്‍ മണല്‍ത്തിട്ടയിലൂടെ നടന്ന് കാപ്പിലില്‍ എത്താം. റോഡുവഴിയുള്ള യാത്രയേക്കാള്‍ സുന്ദരമായ കാഴ്ചകളാണ് ഈ വഴിയില്‍. കുടുംബസമേതമാണെങ്കില്‍ റോഡ് മാര്‍ഗമാണ് നല്ലത്.
കാപ്പിലില്‍ റിസോര്‍ട്ടും ഹോംസ്റ്റേകളുമുണ്ട്. പരവൂര്‍ കായലിന്റെ ഏറ്റവും വിശാലമായ കാഴ്ച കിട്ടുന്ന ഇവിടെ നിന്നുള്ള ബോട്ട് യാത്രയും എന്നെന്നും മനസ്സില്‍ തങ്ങിനില്‍ക്കും. കെട്ടുവള്ളങ്ങളില്‍ 12 പേരുള്ള സംഘത്തിന് ഒരു മണിക്കൂര്‍ യാത്രയ്ക്ക് 900 രൂപയോളം ചെലവുണ്ട്.
പരവൂര്‍, നെല്ലേറ്റി, കലക്കോട് തുടങ്ങിയ പ്രദേശങ്ങളിലൂടെയാണ് ഈ ബോട്ടുയാത്ര. ജില്ലാടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ബോട്ട് സര്‍വീസ് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
തിരുവനന്തപുരം നഗരത്തില്‍നിന്ന് വര്‍ക്കല എത്തിയാല്‍ കാപ്പിലിലേക്ക് ഏതു സമയവും ബസ്സുണ്ട് (വര്‍ക്കലയില്‍ നിന്ന് എട്ടു കിലോമീറ്ററാണ് കാപ്പിലേക്കുള്ള ദൂരം). റെയില്‍വേ സ്റ്റേഷനു മുന്നില്‍നിന്നോ വര്‍ക്കല മൈതാനത്തില്‍ നിന്നോ ബസ് ലഭിക്കും. വര്‍ക്കല നിന്ന് പരവൂരേയ്ക്കുള്ള ബസ്സില്‍ കാപ്പില്‍ പാലത്തിനടുത്ത സ്റ്റോപ്പില്‍ ഇറങ്ങണം. കാപ്പില്‍ റെയില്‍വേ സ്റ്റേഷനില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ക്കുമാത്രമേ സ്റ്റോപ്പുള്ളൂ.
ഫോണ്‍: ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ് (ഗവ,. ഗസ്റ്റ് ഹൗസ്), വര്‍ക്കല : 0470-2602227
No comments:
Post a Comment