25 December 2010

കൂനൂര്‍: നീലഗിരിയിലെ സൗന്ദര്യനഗരം

മലനിരകളുടെ റാണിയായ ഊട്ടിയെ ഇംഗ്ലീഷുകാര്‍ പ്രണയിക്കുംമുമ്പ് കൂനൂര്‍ മലകളുടെ സൗന്ദര്യവും സുഖശീതളിമയും അവര്‍ ആസ്വദിച്ചിരുന്നു. അതിനാലാവാം നീലഗിരിക്കുന്നുകളില്‍ ബ്രിട്ടീഷുകാര്‍ പടുത്തുയര്‍ത്തിയ ആദ്യനഗരമായ കൂനൂരില്‍ ഊട്ടിയേക്കാളേറെ സുഖശീതളിമയും സൗന്ദര്യവും ഇന്നും നിലനില്‍ക്കുന്നത്.

സമുദ്രനിരപ്പില്‍നിന്ന് 1858 മീറ്റര്‍ ഉയരത്തിലുള്ള കൂനൂരില്‍ പരമാവധി ഉഷ്ണം 27 ഡിഗ്രി സെല്‍സിസയ്. കോണ്‍ക്രീറ്റ് മന്ദിരങ്ങള്‍ കൂനൂരിന്റെ സ്വാഭാവികസൗന്ദര്യം തകര്‍ത്തിട്ടില്ല. തേയിലഎസ്റ്റേറ്റുകളുടെ ഹരിതാഭയും പടുകൂറ്റന്‍മരങ്ങളും കൊടുംവേനലില്‍പ്പോലും നിലയ്ക്കാത്ത കാട്ടരുവി പ്രവാഹവും ഇതിന് ദൃഷ്ടാന്തമാണ്.

കൂനൂരിലേക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതില്‍ പ്രകൃതിഭംഗിയും അനുഗ്രഹീത കാലാവസ്ഥയുമാണ്. എന്നാല്‍ വിനോദസഞ്ചാരികള്‍ക്കായി മറ്റുചിലതുകൂടി ഇവിടെയുണ്ട്. 1897ല്‍ പ്രവര്‍ത്തനമാരംഭിച്ച മേട്ടുപ്പാളയം-ഊട്ടി മലയോരതീവണ്ടി, 1874 ല്‍ ബ്രിട്ടീഷുകാര്‍ 12.14 ഏക്കറില്‍ നിര്‍മിച്ചെടുത്ത സിംസ്​പാര്‍ക്ക് എന്ന ഉദ്യാനം. ടിപ്പുസുല്‍ത്താന്റെ പടയോട്ടകാലത്തെ ഔട്ട്‌പോസ്റ്റായ ഡ്രൂഗ്, പ്രകൃതി കനിഞ്ഞനുഗ്രഹിച്ച് നല്‍കിയ സൗന്ദര്യമേഖലകളായ ഡോള്‍ഫിന്‍ നോസ്, ലാംപ്‌സ്‌റോക്ക്, ലേഡി കാനിങ് സീറ്റ് തുടങ്ങിയവ.

ലോകപ്രശസ്ത പേവിഷപ്രതിരോധ വാക്‌സിന്‍ നിര്‍മാണകേന്ദ്രമായ പാസ്റ്റര്‍ ഇന്‍സ്റ്റിറ്റിയൂട്ടും മൂന്ന് ഫല ഗവേഷണകേന്ദ്രങ്ങളും കൂനൂരിലാണ്. കൂനൂരില്‍നിന്ന് ഒന്‍പത് കിലോമീറ്റര്‍ അകലെയാണ് ലേഡി കാനിങ് സീറ്റ് എന്ന സൗന്ദര്യമേഖല. കണ്ണെത്താദൂരത്തോളമുള്ള വിഹഗവീക്ഷണം ഇവിടെനിന്ന് സാധ്യമാകും.

കൂനൂര്‍ റെയില്‍വേസ്റ്റേഷന്റെ വടക്കുഭാഗത്താണ് 1000 ത്തില്‍പ്പരം വൃക്ഷവകഭേദങ്ങളുള്ള സിംസ്​പാര്‍ക്ക്. അമ്പതില്‍പ്പരം ഇനം പക്ഷികള്‍ പാര്‍ക്കിലെ മരങ്ങളില്‍ കൂടുകൂട്ടിയിട്ടുണ്ട്.

കൂനൂരില്‍നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള ലാംപ്‌സ് റോക്കില്‍നിന്ന് നോക്കിയാല്‍ കോയമ്പത്തൂര്‍ ജില്ലയുടെ വിദൂരദൃശ്യം കാണാം. 10 കിലോമീറ്റര്‍ അകലെയുള്ള ഡോള്‍ഫിന്‍ നോസ് എന്ന പടുകൂറ്റന്‍പാറ വിനോദസഞ്ചാരകേന്ദ്രമാണ്. ഇവിടെ കാതറിന്‍ ഫാള്‍സ് വെള്ളച്ചാട്ടവുമുണ്ട്. ഏഴ് കിലോമീറ്റര്‍ അകലെയാണ് ലോഫാള്‍സ് എന്ന വെള്ളച്ചാട്ടം. 180 അടി ഉയരത്തിലുള്ള വെള്ളച്ചാട്ടം കൊടുംവേനലിലും നിലയ്ക്കാറില്ല.

1819 ല്‍ ആദ്യത്തെ ബ്രിട്ടീഷുകാരന്‍ കാലുകുത്തിയ കൂനൂരില്‍ ഇപ്പോള്‍ സീസണാണ്.

കോയമ്പത്തൂരില്‍നിന്ന് കൂനൂരിലേക്ക് റോഡ് മാര്‍ഗം 68 കിലോമീറ്ററാണ് ദൂരം; മേട്ടുപ്പാളയത്തുനിന്ന് തീവണ്ടിമാര്‍ഗം 28 കിലോമീറ്ററും.

കോയമ്പത്തൂര്‍ ഗാന്ധിപുരം സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് ഓരോ 20 മിനിട്ടിലും കൂനൂരിലേക്ക് ബസ് സര്‍വീസുണ്ട്. മേട്ടുപ്പാളയത്തുനിന്ന് രാവിലെ 7.10 ന് തീവണ്ടി സര്‍വീസുമുണ്ട്.

മേട്ടുപ്പാളയത്തുനിന്ന് കൂനൂരിലേക്കുള്ള പാതയിലെ കല്ലാര്‍, ബര്‍ളിയാര്‍ എന്നിവിടങ്ങളില്‍ ഫലഗവേഷണകേന്ദ്രങ്ങളുണ്ട്.

കൂനൂരില്‍ തമിഴ്‌നാട് വിനോസഞ്ചാരവികസന കോര്‍പ്പറേഷന്റെ ഹോട്ടലുകളില്ല. എന്നാല്‍ ഒട്ടേറെ സ്വകാര്യ ലോഡ്ജുകളും ഹോട്ടലുകളുമുണ്ട്. ഫോണ്‍ നമ്പര്‍: മേട്ടുപ്പാളയം റെയില്‍വേ സ്റ്റേഷന്‍: 04254 222285, 222250, കോയമ്പത്തൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡ്: 0422-2237965.

No comments:

Post a Comment