25 December 2010

അപൂര്‍വ ദൃശ്യാനുഭവമായി നെല്ലിയാമ്പതി

കൊടൈക്കനാലിന്റെ ഹരിതഭംഗിയോട് സദൃശ്യമാണ് നെല്ലിയാമ്പതി മലനിരകള്‍ നല്‍കുന്ന ദൃശ്യാനുഭവം. കടുത്ത വേനല്‍ചൂടില്‍ നിന്ന് ഒരാശ്വാസം കണ്ടെത്താന്‍ എന്നതുപോലെ മഴയുടെയും തണുപ്പിന്റെയും ഭാവങ്ങള്‍ അനുഭവിച്ചറിയാനും പറ്റിയ കേന്ദ്രമാണ് 'പാവപ്പെട്ടവരുടെ ഊട്ടി' എന്നറിയപ്പെടുന്ന നെല്ലിയാമ്പതി.


സമുദ്ര നിരപ്പില്‍നിന്ന് 467 മീറ്ററിനും 1572 മീറ്ററിനുമിടയിലുള്ള ഉയരത്തിലാണ് ഈ മലനിരകള്‍. വര്‍ഷംമുഴുവന്‍ നീണ്ടുനില്‍ക്കുന്നതാണ് ഇവിടത്തെ സന്ദര്‍ശന സീസണ്‍. പാലക്കാട്ടുനിന്ന് നെന്മാറ വഴി 65 കിലോമീറ്ററുണ്ട് നെല്ലിയാമ്പതിക്ക്. തൃശ്ശൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് വടക്കഞ്ചേരി-നെന്മാറ വഴി നെല്ലിയാമ്പതിയിലെത്താം. മണ്ണുകൊണ്ടുനിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ അണക്കെട്ടായ പോത്തുണ്ടിഡാം നെല്ലിയാമ്പതിയിലേക്കുള്ള യാത്രാമധ്യേയാണ്. പോത്തുണ്ടികഴിഞ്ഞാല്‍ 10 ഹെയര്‍പിന്‍ വളവുകളുണ്ട് നെല്ലിയാമ്പതിയിലെത്താന്‍.

സീതാര്‍കുണ്ട്, മാമ്പാറ, കേശവന്‍പാറ, വിക്ടോറിയ ചര്‍ച്ച് എന്നീ നാല് വ്യൂ പോയന്റുകള്‍. മഴക്കാലം മുതല്‍ വര്‍ഷത്തിന്റെ പകുതിസമയമെങ്കിലും സജീവമായ കാരപ്പാറ വെള്ളച്ചാട്ടവും സഞ്ചാരികള്‍ക്ക് മനംനിറഞ്ഞ കാഴ്ചയൊരുക്കുന്നു. പച്ചക്കറി, തേയിലത്തോട്ടങ്ങള്‍ക്ക് ഇടയിലൂടെ ഹരിതഭംഗി ആസ്വദിച്ച് യാത്രചെയ്യുന്നതുതന്നെ മികച്ച അനുഭവമാകും. ഹില്‍ടോപ്പ്, ആനമട എന്നിവിടങ്ങളിലേക്ക് വനംവകുപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ ട്രക്കിങ് നടത്താം. നെല്ലിയാമ്പതിയില്‍നിന്ന് ഹില്‍ടോപ്പിലേക്ക് ആറ് കിലോമീറ്ററും ആനമടയിലേക്ക് 13 കിലോമീറ്ററുമാണ് ദൂരം.

പറമ്പിക്കുളം വനമേഖലയോടുചേര്‍ന്ന പശ്ചിമഘട്ടത്തിന്റെ ഭാഗമാണ് നെല്ലിയാമ്പതി. 82 ചതുരശ്ര കിലോമീറ്ററാണ് നെല്ലിയാമ്പതി മേഖലയുടെ വിസ്തൃതി. നിത്യഹരിതവനമേഖലയാണ്. ചോലക്കാടുകളും പുല്‍മേടുകളുമുണ്ട്. ഏറ്റവും ഉയരമേറിയ പാടഗിരി സമുദ്രനിരപ്പില്‍നിന്ന് 1585.08 മീറ്റര്‍ ഉയരത്തിലാണ്. ഡിസംബര്‍ മുതല്‍ മെയ് വരെ പകല്‍ തണുപ്പുകുറഞ്ഞ കാലാവസ്ഥയും ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ തണുപ്പുകൂടിയ കാലാവസ്ഥയുമാണ്. 'കൈകാട്ടി'യില്‍ ഉള്‍പ്പെടെ ചില താമസ സൗകര്യങ്ങളും ഹോം സ്റ്റേകളും നെല്ലിയാമ്പതിയില്‍ ലഭ്യമാണ്. ഇക്കൊ-ടൂറിസംപദ്ധതി നടപ്പിലാവുന്നതോടെ കൂടുതല്‍ സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാമ്പതി.

നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വിശദവിവരങ്ങള്‍ ലഭിക്കാന്‍ പാലക്കാട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുമായി ബന്ധപ്പെടാം. ഫോണ്‍: 0491-2538996. നാല് ഹോം സ്റ്റേകള്‍ നെല്ലിയാമ്പതിയിലുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ ഡി.ടി.പി.സി. ഓഫീസില്‍നിന്നറിയാം. താമസ-ഭക്ഷണ സൗകര്യങ്ങള്‍ക്ക് നെല്ലിയാമ്പതി കൈകാട്ടിയിലെ ഐ.ടി.എല്‍. ഹോളിഡേയ്‌സ് ആന്‍ഡ് റിസോര്‍ട്ടുമായി 04923 - 246357, 246464, 246395 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. ട്രക്കിങ്ങിന് അനുമതികിട്ടാന്‍ നെന്മാറ ഡി.എഫ്.ഒ.യ്ക്ക് രേഖാമൂലം അപേക്ഷനല്‍കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04923-243179.

No comments:

Post a Comment