25 December 2010

പദ്മനാഭപുരം -കാഴ്ചയുടെ കൊട്ടാരം

തിരുവിതാംകൂറിന്റെ ഭരണകേന്ദ്രം എന്ന പേര് മാത്രമല്ല പദ്മനാഭപുരം കൊട്ടാരത്തിന്, ഒരു സംസ്‌കാരത്തിന്റെ നിര്‍മാണകലയുടെയും ശില്പവൈദഗ്ദ്ധ്യത്തിന്റെയും ശേഷിപ്പാണിവിടം.


കൊട്ടാരത്തിലെ നൂറ്റിയെട്ടു മുറികളിലും കരവിരുതും കലയും കൈകോര്‍ക്കുന്നത് അനുഭവിച്ചുതന്നെ അറിയണം. തടിക്കൊട്ടാരം എന്ന വിശേഷണത്തിന് ഒട്ടും പോരായ്മയില്ല; അത്ര വരും കൊത്തുപണികളും നിര്‍മാണവിരുതും.

ആയുധങ്ങളും ചൈനീസ് ജാറുകളും പിത്തള പാത്രങ്ങളും വിളക്കുകളും ചുവര്‍ച്ചിത്രങ്ങളും ഒക്കെ രാജപ്രൗഢി കൈവിടാതെ സൂക്ഷിച്ചിട്ടുണ്ട്. തറയും ചുമരും തട്ടുമൊക്കെ മനംനിറയെ കാഴ്ചയാണ് തരുന്നത്.

കന്യാകുമാരി ജില്ലയിലാണെങ്കിലും പരിപാലനം ഇപ്പോഴും കേരളത്തിനാണ്. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി റൂട്ടില്‍ തക്കലയിലാണ് (65 കിലോമീറ്റര്‍) പദ്മനാഭപുരം.



14-ാം നൂറ്റാണ്ടില്‍ തൃപ്പാപ്പൂര്‍ മൂപ്പന്റെ ദര്‍പ്പക്കുളങ്ങരയെന്ന നാലുകെട്ടും മണ്ണില്‍ തീര്‍ത്ത കല്‍ക്കുളം കോട്ടയും ആണ് പില്‍ക്കാലത്ത് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നവീകരിച്ച് പത്മനാഭപുരം കൊട്ടാരമാക്കിയതെന്നാണ് കരുതുന്നത്. തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റുംവരെ തിരുവിതാംകൂറിന്റെ പ്രൗഢിയത്രയും വഹിച്ചിരുന്നത് ഈ കൊട്ടാരമായിരുന്നു.

മന്ത്രശാല, തായ് കൊട്ടാരം, നാടകശാല, തെക്കേകൊട്ടാരം എന്നിങ്ങനെ പോകുന്നു കൊട്ടാര സമുച്ചയം; ആറര ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന പതിനാല് കൊട്ടാരങ്ങള്‍. മന്ത്രശാല രാജാവിന്റെ കൗണ്‍സില്‍ ചേര്‍ന്നിരുന്ന സ്ഥലം. ജനാലകളും തറയും നിര്‍മ്മാണവൈദഗ്ദ്ധ്യത്തിന് ഉദാഹരണം. കാഴ്ചയ്ക്ക് മനോഹരവും ഈ ഭാഗം തന്നെ.

ഏറ്റവും പുരാതന നിര്‍മിതി തായ്‌കൊട്ടാരത്തിന്റെതാണ്. ഊട്ടുപുരയും ഇതിന് സമീപം. നിത്യവും രണ്ടായിരം ബ്രാഹ്മണര്‍ക്ക് അന്നദാനം ചെയ്തിരുന്നു ഇവിടെ. കൊട്ടാരത്തിലമ്മമാര്‍ക്കായി തീര്‍ത്ത ഈ നാലുകെട്ടിന്റെ തെക്കുപടിഞ്ഞാറായി ഏകാന്തമണ്ഡപം എന്ന ചെറുമുറി. അടിയന്തരസാഹചര്യത്തില്‍ രക്ഷപ്പെടാനുള്ള തുരങ്കപാതയും കൊട്ടാരത്തിലുണ്ട്. രണ്ട് കിലോമീറ്ററാണ് ഇതിന്റെ നീളം.

കലോപാസകനായ സ്വാതിതിരുന്നാള്‍ തീര്‍ത്തതാണ് നാടകശാല. നൃത്തവും സംഗീതവും അവതരിപ്പിക്കാനും ആസ്വദിക്കാനുമുള്ളിടമാണിത്. രാജാവിന്റെ കിടപ്പറയടക്കമുള്ള മുറികള്‍ ഉള്‍പ്പെടുന്നതാണ് പ്രധാനമാളിക. ഉപരിക മാളിക എന്ന ബഹുനില കൊട്ടാരം മാര്‍ത്താണ്ഡവര്‍മ നിര്‍മിച്ചതാണിത്.



64 ഓളം ഔഷധതടികളാല്‍ തീര്‍ത്ത സപ്രമഞ്ചം ഇവിടെയാണ് സൂക്ഷിച്ചിട്ടുള്ളത്. ഡച്ചുകാര്‍ സമ്മാനിച്ചതാണിതെന്ന് കരുതുന്നു. അന്തഃപുരവും ഇതിനൊപ്പം. തെക്കേകൊട്ടാരത്തിന് നാന്നൂറ് കൊല്ലം പഴക്കമുണ്ട്. കൊട്ടാരസമുച്ചയത്തിലെ ക്ലോക്ടവറില്‍ കാണുന്ന ക്ലോക്കിന് മുന്നൂറുകൊല്ലം പഴക്കമുണ്ട്. ഇപ്പോഴും സമയം കൃത്യം. ഒരു പകലത്രയും ചുറ്റിക്കാണാനുള്ള കാഴ്ചകള്‍ കൊട്ടാരത്തിലുണ്ട്. തിങ്കളാഴ്ചകള്‍ അവധിയായിരിക്കും.

അല്പംസമയം ലഭിച്ചാല്‍ തക്കല നിന്ന് രണ്ടുകിലോമീറ്റര്‍ അകലെയുള്ള ഉദയഗിരിക്കോട്ടയും തൃപ്പരപ്പ് വെള്ളച്ചാട്ടവുംകൂടി കാണാം.

പത്മനാഭപുരം കൊട്ടാരം, ഫോണ്‍: 04651 250255

No comments:

Post a Comment