ഏത് കാലാവസ്ഥയിലും പ്രകൃതി രമണീയം, അതാണ് വര്‍ക്കല ബീച്ചിന്റെ സവിശേഷത. രണ്ട് ബീച്ചുകളാണ് ഇവിടെയുള്ളത്-പാപനാശം, കാപ്പില്‍. തെളിഞ്ഞ സൂര്യപ്രകാശവും ശാന്തമായ കടല്‍ത്തീരവുമാണ് പാപനാശം ബീച്ചിന്റെ പ്രത്യേകതയെങ്കില്‍, കായല്‍-കടല്‍ സംഗമത്തിന്റെ ദൃശ്യാനുഭവമാണ് കാപ്പില്‍ ബീച്ചിനെ വ്യത്യസ്തമാക്കുന്നത്.
വര്‍ക്കല റെയില്‍വെ സ്റ്റേഷനില്‍നിന്ന് വെറും അഞ്ച് കിലോമീറ്ററേയുള്ളു പാപനാശം ബീച്ചിലേക്ക്. പാപനാശം മുതല്‍ വെറ്റക്കട വരെ നീണ്ടുകിടക്കുകയാണ് ബീച്ച്. കടല്‍ത്തീരം ചുറ്റി നില്‍ക്കുന്ന ലാറ്ററൈറ്റ് കുന്നുകള്‍, ബീച്ചിനെ വല്ലാത്തൊരു ദൃശ്യാനുഭവമാക്കുന്നു. ഔഷധവീര്യമുണ്ടെന്ന് കരുതുന്ന നീരുറവകളില്‍നിന്ന് ഒഴുകി വരുന്ന വെള്ളത്തില്‍ കുളിക്കാന്‍ സഞ്ചാരികളുടെ തിരക്കാണ്.
വര്‍ക്കലയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ ദൂരെയാണ് കാപ്പാട് ബീച്ച്. ഓട്ടോറിക്ഷയാണ് ബീച്ചിലെത്താന്‍ നല്ലത്. സ്വന്തമായി ഓടിക്കാന്‍ ബൈക്ക് വാടകയ്ക്ക് കിട്ടും. ഗിയറില്ലാത്ത വണ്ടിക്ക് ദിവസവാടക 250 രൂപ, ഗിയറുള്ളതിന് 350 രൂപ, ബുള്ളറ്റിന് 500 രൂപ. ബീച്ചില്‍ ബോട്ടിങ് ഉണ്ട്. സ്പീഡ് ബോട്ടിന് മണിക്കൂറിന് 600 രൂപയാണ് വാടക. ബോട്ടിങിനെക്കുറിച്ചറിയാന്‍ പ്രിയദര്‍ശിനി ക്ലബ്ബില്‍ വിവരം തിരക്കാം, ഫോണ്‍: 0470-2662323.
നവംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് വര്‍ക്കലയിലെ സീസണ്‍. സീസണാകുന്നതോടെ ഇവിടം വിദേശികളുടെ താവളമാകുന്നു. നാട്ടുകാരില്‍ ഒട്ടേറെപ്പേര്‍ സ്വന്തം വീട് തന്നെ ഹോംസ്‌റ്റേ ആക്കി വിദേശികളെ കാത്തിരിക്കുന്നു. ഏത് വരുമാനക്കാര്‍ക്കും പറ്റുന്ന റേറ്റിലുള്ള ഹോംസ്‌റ്റേകളുണ്ട്. വാടക ആയിരം രൂപയ്ക്ക് മുകളില്‍.
ഓടയം മുതല്‍ ചിലയൂര്‍ വരെ തീരത്തും ഇടവ-കാപ്പില്‍ കായല്‍പ്പുറങ്ങളിലും റിസോര്‍ട്ടുകളും റെസ്‌റ്റോറണ്ടുകളും സജ്ജമാണ്. ചൈനീസ്, മലയ, അറേബ്യന്‍, യൂറോപ്യന്‍ എന്നിങ്ങനെ ലോകത്തെ ഏത് പ്രദേശത്തെയും വിഭവങ്ങള്‍ ഈ റെസ്റ്റോറണ്ടുകളില്‍ ലഭിക്കും.
ബീച്ചുകള്‍ മാത്രമല്ല വര്‍ക്കലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. ഇടവ-നടതുറ കായല്‍, അകത്തുമുറികായല്‍, പൊന്നുംതുരുത്ത്, അയിനൂര്‍ കായല്‍പ്പുറം തുടങ്ങിയവയെല്ലാം സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങളാകും. പൊന്നുംതുരുത്ത് ദ്വീപിലേക്ക് 20 കിലോമീറ്റര്‍ അകലം. ശിവഗിരി മഠം നാല് കിലോമീറ്റര്‍ അരികെ.
വിശദവിവരങ്ങള്‍ അറിയാന്‍, തിരുവന്തപുരം ഡി.ടി.പി.സി.യുമായി ബന്ധപ്പെടാം, ഫോണ്‍:0471-2315397
വര്‍ക്കല സര്‍ക്കാര്‍ ഗസ്റ്റ്ഹൗസ്, ഫോണ്‍: 0470-2602227
No comments:
Post a Comment