മുതലമടയില്‍ കാമ്പ്രത്ത്ചള്ളയില്‍നിന്ന് മൂന്ന് കിലോമീറ്ററോളം മലയുടെദിശയില്‍ ചെന്നാല്‍ ചുട്ടുപഴുത്ത പാറകളുടെയും മണലിന്റെയും മടിയില്‍ താണുകിടക്കുന്ന പത്തേക്കര്‍ പച്ചപ്പ്കാണാം. അമിതമായ പരിചരണവും വളപ്രയോഗവും ഇടപെടലുമില്ലാതെ വളര്‍ന്നുപടരുകയും പൊഴിഞ്ഞ് വീണ്ടും തളിര്‍ക്കുകയും ചെയ്യുന്ന പലതരം ചെടികളും മരങ്ങളും.
ചുള്ളിയാര്‍ഡാമിന്റെ അരികുപറ്റി നെല്ലിയാമ്പതി മലകളുടെ കാലടിയില്‍ നെല്ലും പച്ചക്കറിയും വാഴയും കടലയും നെല്ലിയും എള്ളും ജാതിക്കയും അപൂര്‍വതരം മാമ്പഴങ്ങളും വിളയുന്ന ഇവിടമാണ് 'അനുരാഗം ജൈവകൃഷിയിടം'. ഇവിടെത്തന്നെ കാവി നിലവും വാര്‍ധാ ടംബ്ലറുകള്‍ കമഴ്ത്തിയ മച്ചുമുള്ള രണ്ടുമുറി കോട്ടേജും.
ശ്രദ്ധ റിട്രീറ്റിന്റെ ഉടമസ്ഥനായ സുമന് വിരോധമില്ലെങ്കില്‍, സുമന്റെ രീതികളോട് നിങ്ങള്‍ക്ക് ചേര്‍ന്നുപോകാനാവുമെങ്കില്‍ ഒരു ദിവസമോ ഒരു മാസമോ അതിലധികമോ ഇവിടെ തങ്ങാം. ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും 500 രൂപ നല്‍കിയാല്‍ മതി.
മദ്യവും മാംസവും ശബ്ദകോലാഹലവും ഒഴിവാക്കണമെന്നത് പ്രധാന നിബന്ധനകള്‍. സസ്യാഹാരം, മുഖ്യമായും കൃഷിയിടത്തിലെ പഴങ്ങളും പച്ചക്കറികളും കൊണ്ടുണ്ടാക്കുന്നവയാണ് വിളമ്പുക.
സുമനും ഭാര്യ ജലജയും എട്ടുവയസ്സുകാരനായ മകന്‍ നിത്യാനന്ദനും താമസിക്കുന്ന വീട്ടില്‍ അലമാരി നിറയെ പുസ്തകങ്ങളുണ്ട്. കൃഷ്ണമൂര്‍ത്തി, ഡോണ്‍യുവാന്‍, കാര്‍ലോസ് കാസ്തനദ, രമണമഹര്‍ഷി, രാമകൃഷ്ണദേവന്‍... വായനയില്‍ താത്പര്യമുള്ളവരോടാണ് സുമനും താത്പര്യം. അനൗപചാരികമായ ചര്‍ച്ചകളും സംഭാഷണങ്ങളുമാവാം. പ്രാണിക് ഹീലിങ്ങോ യോഗയോ പഠിക്കണമെങ്കില്‍ അതുമാവാം.
ജൈവകൃഷിയുടെ പ്രയോക്താക്കളോ വിദ്യാര്‍ഥികളോ ആണ് സുമന്റെ അതിഥികളില്‍ ഭൂരിഭാഗവും. കൂടുതലും വിദേശികള്‍.
കൃഷിയിടത്തില്‍ പ്രായോഗികപരിജ്ഞാനം തേടിയെത്തുന്ന അത്തരക്കാര്‍ക്കായി 'ശ്രദ്ധ'യില്‍ മണ്‍പാത്രനിര്‍മാണവും തുടങ്ങുന്നു. സുമന്റെ സഹോദരന്റെ സംരംഭമാണിത്. മണ്‍വീടുകള്‍ അതിനായി പണിതിട്ടുണ്ട്. സമീപത്ത് ധ്യാനമണ്ഡപം, അങ്ങനെ വിളിക്കാമെങ്കില്‍.
മകനും അവന്റെ കൊച്ചുകൂട്ടുകാര്‍ക്കും വിദേശഭാഷകളും വിവരസാങ്കേതികവിദ്യയും പഠിപ്പിക്കാന്‍ സന്നദ്ധരായ അതിഥികള്‍ക്ക് മുന്‍ഗണനയുണ്ടെന്ന് സുമന്റെ വെബ്‌സൈറ്റില്‍ പറയുന്നു. അഞ്ചാംക്ലാസില്‍ ചേരാനുള്ള പ്രായമെത്തുംവരെ വീട്ടില്‍ പ്രകൃതിയോട് ഇഴുകിയുള്ള ജീവിതം പഠിക്കുകയാണ് നിത്യാനന്ദന്‍.
No comments:
Post a Comment