25 December 2010

കണ്ടാത്ത് തറവാട് പ്രിയമേറും ഹോംസ്റ്റേ

നഗരത്തിന്റെ ശബ്ദഘോഷം ഒഴിവാക്കി തണുപ്പാര്‍ന്ന മച്ചിന്‍ചുവട്ടില്‍ ചാഞ്ഞിരിക്കാം. ഗ്രാമവഴികളുടെ ഗന്ധംനുകര്‍ന്ന് വെറുതെ നടക്കാം.



കവറയുടെയും കുംഭാരന്റെയും കുടിലുകളിലെ ജീവിതം കാണാം. മടങ്ങാം. വേണമെങ്കില്‍ കുറേക്കൂടി തങ്ങാം. തിരക്കുപിടിച്ച ജീവിതത്തില്‍ ഇത്തിരി വിശ്രമത്തിന്റെ സുഖമറിയാന്‍ തേങ്കുറുശ്ശിയിലെ കണ്ടാത്ത് തറവാട് വിനോദസഞ്ചാരികള്‍ക്ക് പ്രിയങ്കരമാണ്.

പാലക്കാട് നഗരത്തില്‍നിന്ന് ദേശീയപാതയില്‍ തൃശ്ശൂരിലേക്കുള്ള ദിശയില്‍ സഞ്ചരിച്ച് കാഴ്ചപ്പറമ്പിലേക്കു വഴിതിരിയാം.
പത്തുകിലോമീറ്ററകലെ എലമന്ദത്ത് കണ്ടാത്ത് തറവാടുണ്ട്. രണ്ടേകാല്‍ നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന എട്ടുകെട്ട് കഴിഞ്ഞ ഒമ്പതുകൊല്ലമായി കേരളത്തിലെ അറിയപ്പെടുന്ന ഹോംസ്റ്റേയാണ്. വര്‍ഷത്തിന്റെ മുക്കാല്‍പങ്കും തറവാടിന്റെ ഉടമ ഭഗവല്‍ദാസിന്റെ ആതിഥ്യവും ഗ്രാമത്തിന്റെ നന്മകളും തൊട്ടറിയാനെത്തുന്ന വിദേശികളുടെ സാന്നിധ്യമുണ്ടിവിടെ.

ടൂറിസം വകുപ്പിന്റെ ഡയറക്ടറിയില്‍ ഡയമണ്ട് ക്ലാസില്‍ പെടുന്ന ഹോംസ്റ്റേയാണ് കണ്ടാത്ത് തറവാട്. നാല് ദമ്പതിമാര്‍ക്ക് ഒരേസമയം താമസിക്കാം. ഗൃഹനാഥന്‍തന്നെ സേവനദാതാവാകുന്നതാണ് കണ്ടാത്ത് ഹോംസ്റ്റേയുടെ സവിശേഷത. ദീര്‍ഘകാലം അമേരിക്കയിലായിരുന്ന ഭഗവല്‍ദാസ് അതിഥികള്‍ക്ക് കൊടുക്കുന്നത് താമസവും ഭക്ഷണവും മാത്രമല്ല തന്റെ മുഴുവന്‍സമയവും കൂടിയാണ്.

മുന്‍കൂട്ടി ബുക്ക്‌ചെയ്യുന്നവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ എയര്‍പോര്‍ട്ടില്‍നിന്നോ റെയില്‍വേസ്റ്റേഷനില്‍നിന്നോ കൂട്ടിക്കൊണ്ടുവരാന്‍ ആളെവിടും. എത്തുന്നദിവസം ഉച്ചഭക്ഷണത്തിനുശേഷം വയല്‍വരമ്പിലൂടെ നടന്ന് കുശവന്മാരുടെയും കവറകളുടെയും തൊഴില്‍ശാലകള്‍ കാണാം. രണ്ടാംനാള്‍ രാമശ്ശേരിയിലെ ചായക്കടയില്‍നിന്ന് പ്രസിദ്ധമായ രാമശ്ശേരി ഇഡ്ഡലി കഴിച്ചശേഷം യാത്ര തുടരുന്നു. കല്പാത്തി, ജൈനിമേട്, കോട്ട, ചെമ്പൈഗ്രാമം... കൂടുതല്‍ദിവസം തങ്ങുന്നുണ്ടെങ്കില്‍ കലാമണ്ഡലത്തില്‍ 'ആചാര്യന്മാര്‍ക്കൊപ്പം ഒരു ദിവസ'വും തരമാക്കാം.

സൈലന്‍റ്‌വാലിയിലും നെല്ലിയാമ്പതിയിലും മലകയറ്റം, പറമ്പിക്കുളം വന്യജീവിസങ്കേതത്തിലേക്ക് യാത്ര, പക്ഷിനിരീക്ഷണം, ശിരുവാണിയില്‍ മീന്‍പിടിത്തം... നാട്ടിന്‍പുറത്തെ കള്ളുചെത്തുകണ്ട് കാളവണ്ടിയില്‍ യാത്ര. ജ്യോതിഷത്തില്‍ വിശ്വാസമുള്ളവര്‍ക്ക് ജാതകംനോക്കാനും കേരളീയഭക്ഷണം പ്രിയമുള്ളവര്‍ക്ക് പ്രാദേശികവിഭവങ്ങള്‍ പാചകംചെയ്യാന്‍ പഠിപ്പിക്കാനും തറവാട്ടില്‍ ഏര്‍പ്പാടുചെയ്യും. തനിനാടന്‍ ഭക്ഷണങ്ങളാണ് വിളമ്പുക. സസ്യേതരവിഭവങ്ങളും ലഭിക്കും.

യോഗ, ധ്യാനം, ആയുര്‍വേദ സുഖചികിത്സ എന്നിവയ്‌ക്കൊക്കെ സൗകര്യമുണ്ട്. കേരളീയരീതിയില്‍ വിവാഹം നടത്തിക്കൊടുത്തും വിദേശികളുടെ സഞ്ചാരഭൂപടത്തില്‍ കണ്ടാത്ത്തറവാട് ശ്രദ്ധേയമായ സ്ഥാനംനേടി. തേക്കിന്റെ തൂണുകളുള്ള പുറംതളവും ആകാശത്തേക്കുകണ്‍മിഴിക്കുന്ന നടുമുറ്റവും വിശാലമായ ഊട്ടുപുരയും ശാന്തമായ അന്തരീക്ഷവും സ്വദേശികളായ സഞ്ചാരികളെയും ആകര്‍ഷിച്ചുതുടങ്ങിയിട്ടുണ്ട്.

ഗ്രാമത്തെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ഭഗവല്‍ദാസ് പറഞ്ഞു.

ബന്ധപ്പെടേണ്ട വിലാസം: കണ്ടാത്ത് തറവാട്, തേങ്കുറുശ്ശി, പാലക്കാട്, കേരള. പിന്‍കോഡ്: 678671.
ഫോണ്‍: 04922284124.
ഇമെയില്‍: tharavad 15@yahoo.com

No comments:

Post a Comment