25 December 2010

സൂര്യകാന്തിപാടങ്ങളിലൂടെ ഗോപാല്‍സ്വാമി ബെട്ടയിലേക്ക്‌



 
നോക്കെത്താദൂരത്തോളം പരന്നു കിടക്കുന്ന സൂര്യകാന്തിപാടങ്ങള്‍, ചെണ്ടുമല്ലിപ്പൂക്കള്‍ ചൂടിനില്‍ക്കുന്ന താഴ്‌വാരങ്ങള്‍, ചോളവും കരിമ്പും വിളയുന്ന പാടങ്ങള്‍ക്കിടയിലൂടെയുള്ള നാട്ടുവഴികള്‍, പൂപ്പാടങ്ങള്‍ക്കും കര്‍ഷകഗ്രാമങ്ങള്‍ക്കും അപ്പുറത്ത് കുന്നിന്‍ മുകളിലൊരു ഗോപാല ക്ഷേത്രം.


വയനാടു ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ഗുണ്ടല്‍പേട്ടയും അടുത്തുള്ള ഗോപാല്‍സ്വാമി ക്ഷേത്രവുമാണിത്. കോഴിക്കോടു നിന്നു് ചുരം കയറി വയനാട്ടിലെത്തി, കല്പറ്റയില്‍ നിന്ന് സുല്‍ത്താന്‍ ബത്തേരി-മൈസൂര്‍-കൊള്ളിഗല്‍ ഹൈവേ (212) യിലൂടെ 70 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഗുണ്ടല്‍പേട്ടയിലെത്താം.

വയനാടന്‍ കാനനഭംഗി ആസ്വദിക്കാനൊരു അവസരം കൂടിയാണ് ഈ യാത്ര. മുത്തങ്ങ വന്യമൃഗ സങ്കേതവും ആദിവാസിഗ്രാമങ്ങളും കാട്ടരുവികളും മുളങ്കൂട്ടങ്ങളും കടന്ന് കര്‍ണാടക വനാതിര്‍ത്തിയിലെത്താം. ചീറിപ്പായുന്ന വാഹനങ്ങള്‍ വന്യമൃഗങ്ങള്‍ക്ക് ഭീഷണിയായതിനാല്‍ ഈ വഴി രാത്രി ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുകയാണ്.

വയനാടിന്റെ വന്യഭംഗിയില് നിന്ന് കര്ണാടകയുടെ വിസ്തൃതിയിലേക്കാണ് പിന്നെയെത്തുന്നത്..

ഗുണ്ടല്‍പേട്ട ഒരു ചെറിയ പട്ടണമാണ്, ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഒന്ന് റിഫ്രഷ് ചെയ്യാനുള്ള ഇടത്താവളം. മലയാളികള്‍ നടത്തുന്ന ഹോട്ടലുകളും ലോഡ്ജുകളും ഇവിടെ കുറവല്ല.

ഗുണ്ടല്‍പേട്ടയില്‍ നിന്ന് ഊട്ടി റോഡിലൂടെ അല്‍പ്പദൂരം സഞ്ചരിച്ചാല്‍ ഗോപാല്‍സ്വാമി (ഗോപാല്‍ സ്വാമി ബെട്ട) മലയിലേക്ക് തിരിയുന്ന വഴികാണാം. സൂര്യകാന്തിപ്പൂക്കളും ചെണ്ടുമല്ലിയും ചോളവും പൂത്തുനില്ക്കുന്ന താഴ്‌വാരങ്ങളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡിലൂടെ പോയാല്‍ മലകളുടെ അടിവാരത്തെത്താം.

മുകളിലക്ക് പോകാന്‍ ഇവിടെ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള ചെക്കുപോസ്റ്റില്‍ സഞ്ചാരികള്‍ പണമടയ്ക്കണം. വിശദമായ പരിശോധനക്കു ശേഷമേ സഞ്ചാരികളെ അധികൃതര്‍ മുകളിലക്ക് വിടൂ. മലമുകളിലെ കുളിരാസ്വദിച്ച് ഒന്നു മിനുങ്ങാം എന്നു കരുതേണ്ട, മദ്യത്തിന് കര്‍ശന നിയന്ത്രണമാണിവിടെ.

വളവുകളും തിരിവുകളും നിറഞ്ഞ കയറ്റം ചെന്നെത്തുന്നത് ഹിമവദ് ഗോപാല്‍ സ്വാമി അമ്പലത്തിനു മുന്നിലാണ്. തൊട്ടുതൊട്ടുകിടക്കുന്ന ഹരിതാഭമായ കുന്നുകളാണ്് ഗോപാല്‍ സ്വാമി ബെട്ടയുടെ പ്രത്യേകത.

താഴ്‌വാരങ്ങളും കുളിരും ആസ്വദിച്ച് എത്ര വേണമെങ്കിലും അവിടെ അലഞ്ഞുനടക്കാം. ദൂരെയുള്ള കുന്നുകളില്‍ ആനക്കൂട്ടങ്ങള്‍ വിഹരിക്കുന്നത് കാണാം, ചിലയവസരങ്ങളില്‍ ആനകള്‍ അമ്പലത്തിനടുത്തുവരെ വരാറുണ്ട്.

ബന്ദിപ്പൂര്‍ ദേശീയോദ്യാനത്തിന്റെ ഭാഗമാണ് ഗോപാല്‍സ്വാമി മലകള്‍. മുതുമല വന്യമൃഗസങ്കേതവും, ഒരു കാലത്ത് ചന്ദനകൊള്ളക്കാരന് വീരപ്പന്റെ താവളമായിരുന്ന സത്യമംഗലം കാടുകളും ഈ മലകള്‍ക്കപ്പുറമാണ്.

മലമുകളില്‍ ഹോട്ടലോ ചായക്കടയോ ഒന്നുമില്ലാത്തതിനാല്‍ എല്ലാവരും ഭക്ഷണം കരുതാറാണ് പതിവ്. വൈകുന്നേരത്തോടെ കോടമഞ്ഞിറങ്ങി യാത്ര തടസ്സപ്പെടുന്നതിനാലും വന്യമൃഗങ്ങളിറങ്ങും എന്നതിനാലും ഇരുട്ടു വീഴുംമുമ്പ് മലയിറങ്ങുന്നതാണ് നല്ലത്.

കോടമഞ്ഞ് മൂടിയ പൂപ്പാടങ്ങള്‍ കടന്ന്, കര്‍ഷക ഭവനങ്ങളിലെ റാന്തല്‍ വെളിച്ചങ്ങള്‍ പിന്നിട്ട് കുളിര് ചൂളം കുത്തുന്ന ചോളപ്പാടങ്ങളിലൂടെ മടക്കയാത്ര.

മൈസൂറില്‍ നിന്ന് 80 കിലോമീറ്ററാണ് ഗോപാല്‍സ്വാമി ബെട്ടയിലേക്ക്, കോഴിക്കോട്ട് നിന്ന് 170 കിലോമീറ്ററും. മൈസൂരാണ് അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍. ബാംഗ്ലൂര്‍ നിന്ന് 225 കിലോമീറ്ററാണ് ഇങ്ങോട്ടുള്ള അകലം.

No comments:

Post a Comment