കൃത്രിമങ്ങളുടെ കലര്‍പ്പില്ല, വയനാടിന്റെ ഹരിതഭംഗിയെ ഇങ്ങനെ വിശേഷിപ്പിക്കാം. അത് ആസ്വദിക്കാനാണ് ഇങ്ങോട്ട് സഞ്ചാരികള്‍ ഒഴുകുന്നത്. മഴയുടെ ആരവം അടങ്ങിയതോടെ മറുനാടന്‍ വിനോദസഞ്ചാരികളുടെ വയനാടന്‍ യാത്രകള്‍ തുടങ്ങുകയായി. കാനനക്കാഴ്ചകളും വന്യജീവിസങ്കേതങ്ങളും പിന്നിട്ട് ചരിത്രസ്മാരകങ്ങളിലേക്കും ജല ടൂറിസത്തിലേക്കുമാണ് യാത്ര.
ആഭ്യന്തരസഞ്ചാരികള്‍ മുതല്‍ വിദേശ ടൂറിസ്റ്റുകള്‍വരെ വയനാടിന്റെ ഖ്യാതിയറിഞ്ഞ് യാത്ര നിശ്ചയിക്കുന്നു. കേരളത്തിലെ മറ്റിടങ്ങളെക്കാളും ഇരുപത് ശതമാനം വര്‍ധന വിനോദസഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ തവണ വയനാട് രേഖപ്പെടുത്തിയിട്ടുണ്ട്.
കര്‍ണാടകയില്‍നിന്ന് അവധിദിനങ്ങളില്‍ സഞ്ചാരികള്‍ കൂട്ടമായി എത്തുന്നു. വയനാട്ടിലെ മുത്തങ്ങ, തോല്‍പ്പെട്ടി വന്യജീവിസങ്കേതങ്ങള്‍ കാണാനാണ് സഞ്ചാരികളുടെ നീണ്ടനിര. മാന്‍കൂട്ടങ്ങളെയും കാട്ടാനകളെയും അടുത്തുകാണാന്‍ കഴിയുന്ന കാനനയാത്ര സഞ്ചാരികള്‍ക്ക് അവിസ്മരണീയമായ അനുഭവം നല്‍കുന്നു.
ജലയാത്രയ്ക്ക് ബാണാസുരസാഗര്‍ ഹൈഡല്‍ കേന്ദ്രമാണ് ഭൂരിഭാഗം സഞ്ചാരികളും തിരഞ്ഞെടുക്കുന്നത്. ബാണാസുര മലനിരകള്‍ക്ക് അഭിമുഖമായി നില്ക്കുന്ന തടാകത്തില്‍ ബോട്ടുയാത്രക്ക് രാവിലെ മുതല്‍ വൈകീട്ടുവരെ സഞ്ചാരികള്‍ കാത്തുനില്ക്കുന്നു.
അതേസമയം, ഇന്ത്യയില്‍ ആള്‍പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപ് എന്ന ഖ്യാതിയാണ് കുറുവയെ വ്യത്യസ്തമാക്കുന്നത്. കടുവകളുടെ വിഹാരകേന്ദ്രമാണ് വയനാട്ടിലെ വന്യജീവി സങ്കേതങ്ങള്‍. മാന്‍കൂട്ടങ്ങളും കാട്ടുപോത്തും ആനകളും യഥേഷ്ടം സഞ്ചാരികളുടെ കണ്ണില്‍പെടും.
ദേശീയ സ്മാരകഗണത്തില്‍ പെടുന്ന എടയ്ക്കല്‍ ഗുഹ കാണാന്‍ സഞ്ചാരികളുടെ തിക്കും തിരക്കുമാണ്. നവീന ശിലായുഗത്തോളം പഴക്കമുള്ള ചരിത്രലിഖിതങ്ങള്‍ കോറിയിട്ട ഗുഹ കാണുക എന്നത് സഞ്ചാരികളുടെ വയനാടന്‍ യാത്രാ അനുഭവങ്ങളില്‍ വേറിട്ട ഒന്നാണ്.
സാഹസിക സഞ്ചാരികളുടെ പ്രിയകേന്ദ്രമാണ് ചെമ്പ്രമലയും പക്ഷിപാതാളവും ബാണാസുരമലയും. രണ്ടു ദിവസങ്ങള്‍ നീളുന്ന ട്രക്കിങ് നടത്താന്‍ സന്നാഹങ്ങളുമായാണ് സഞ്ചാരികളുടെ വരവ്. വനംവകുപ്പിന്റെ അനുമതിയോടെ പരിചയസമ്പന്നരായ വഴികാട്ടികള്‍ ഇവരെ നയിക്കുന്നു.
ബാംഗ്ലൂരില്‍ നിന്നും മൈസൂറില്‍ നിന്നും കര്‍ണാടകം വഴി വയനാട്ടിലെത്താം. കേരളത്തില്‍ കരിപ്പൂരാണ് അടുത്തുള്ള വിമാനത്താവളം. കോഴിക്കോട്, തലശ്ശേരി എന്നിവയാണ് സമീപത്തുള്ള റെയില്‍വെ സ്റ്റേഷനുകള്‍. വയനാട്ടിലേക്ക് റോഡ് മാര്‍ഗമേ എത്താനാകൂ. ചുരങ്ങള്‍ കയറിയുള്ള യാത്ര തന്നെ മോഹിപ്പിക്കുന്നതാണ്.
കുടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍: 04936-255207, e-mail: info@dtpcwayanad.com
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കളക്ടറേറ്റ്: 04936-204441; ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ്, സുല്‍ത്താന്‍ ബത്തേരി: 04936-220225
No comments:
Post a Comment