25 December 2010

കടുവസങ്കേതത്തിന്റെ പ്രൗഢിയില്‍ പറമ്പിക്കുളം

കടുവാസങ്കേതത്തിന്റെ പ്രൗഢിയില്‍ വേറിട്ട അനുഭവം പകര്‍ന്ന് പറമ്പിക്കുളം വന്യജീവി സങ്കേതം.
പശ്ചിമഘട്ടത്തിന്റെ ദക്ഷിണനിരയിലുള്ള പറമ്പിക്കുളം വന്യജീവി സങ്കേതം പ്രകൃതിയുടെ ആവാസസ്ഥാനമെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. 285 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. നാശോന്മുഖമായ 50 ഔഷധസസ്യങ്ങള്‍, 285 അപൂര്‍വ ജീവിവര്‍ഗം, 1,408 വ്യത്യസ്ത ജനുസ്സിലുള്ള പൂക്കളുണ്ടാകുന്ന സസ്യജാലങ്ങള്‍, 81 വ്യത്യസ്തയിനം ഓര്‍ക്കിഡുകള്‍ എന്നിവയൊക്കെ ഈ നിത്യഹരിതവനത്തിന്റെ സമ്പത്താണ്.

ആഗസ്ത് മുതല്‍ ഫിബ്രവരിവരെയുള്ള സമയമാണ് സന്ദര്‍ശനത്തിന് അനുയോജ്യം. സന്ദര്‍ശനം നടത്തുമ്പോള്‍ പ്ലാസ്റ്റിക്മാലിന്യം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കണം. സന്ദര്‍ശകര്‍ക്ക് വ്യത്യസ്തങ്ങളായ പാക്കേജുകളും ഇവിടെ ലഭ്യമാണ്.

ഒരൊറ്റ ദിവസത്തെ യാത്രമാത്രം ഉദ്ദേശിക്കുന്നവര്‍ക്ക് പറമ്പിക്കുളം ആനപ്പാടിയിലെ കേരള ചെക്‌പോസ്റ്റ്‌വരെയേ സ്വന്തം വാഹനത്തിലെത്താനാവൂ. ഇവിടെനിന്ന് പ്രത്യേകവാഹനം സജ്ജമാക്കിയിട്ടുണ്ട്. ഒരാള്‍ക്ക് 140 രൂപയാണ് ചെലവുവരുക. 10 രൂപ പ്രവേശന ഫീസുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സ്ഥാപന മേലധികാരിസഹിതം വന്നാല്‍ ആനുകൂല്യമുണ്ട്. രാത്രി താമസം മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്ക്.

സ്വന്തം വാഹനത്തില്‍ അകത്തേക്ക് പോകാനാവും. വനംവകുപ്പിന്റെ വാഹനത്തില്‍ പറമ്പിക്കുളം ഡാമും വനമേഖലയും കന്നിമാര തേക്കും ഉള്‍പ്പെടെ പ്രധാന ഭാഗങ്ങള്‍ മൂന്നരമണിക്കൂര്‍കൊണ്ട് സഞ്ചരിച്ച് തിരികെ വരാം.

പറമ്പിക്കുളം വന്യജീവിസങ്കേതം പാലക്കാട് ജില്ലയിലാണെങ്കിലും തമിഴ്‌നാട്ടിലെ പൊള്ളാച്ചി ആനമലവഴി റോഡുമാര്‍ഗമേ ഇവിടെയെത്താനാവൂ. പാലക്കാട്ടുനിന്ന് 98 കിലോമീറ്റര്‍ ദൂരം. ഏറ്റവും അടുത്ത ടൗണ്‍ പൊള്ളാച്ചിയാണ് -39 കിലോമീറ്റര്‍.

ആകര്‍ഷണമായി ഏറുമാടങ്ങളും

ഏഴ് ടെന്റഡ് കോട്ടേജുകളാണ് പറമ്പിക്കുളത്തെ മുഖ്യ ആകര്‍ഷണം. 3,500 രൂപയാണ് ദിവസവാടക. സാങ്ച്വറിയില്‍ കാഴ്ച, ട്രക്കിങ്, ഭക്ഷണം ഒപ്പം പറമ്പിക്കുളത്തെ ആദിവാസികളുടെ സംഗീതം, നൃത്തം ഇവ പരിചയപ്പെടുത്തുന്ന ട്രൈബല്‍ സിംഫണി എന്നിവയും ചേര്‍ന്നതാണ് ഈ പാക്കേജ്. മുളം ചങ്ങാടത്തില്‍ അരമണിക്കൂര്‍ യാത്രചെയ്യുകയും ആവാം.

പന്ത്രണ്ടാംക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് രണ്ടുരാത്രി പറമ്പിക്കുളത്ത് താമസിച്ച് പരിസ്ഥിതിയെ അനുഭവിച്ചറിയാനുള്ള പ്രത്യേകപാക്കേജുമുണ്ട്. സംഘത്തില്‍ 40 പേര്‍ വരെയാവാം. ഒരാള്‍ക്ക് 600 രൂപയാണ് ഫീസ്.
മറ്റുപാക്കേജുകള്‍ (അധികൃതര്‍ക്കുനല്‍കേണ്ട ഫീസ് ഉള്‍പ്പെടെ)

1. ഐലന്‍ഡ്‌നെസ്റ്റ്: പറമ്പിക്കുളം ഡാമില്‍ ഒന്നരമണിക്കൂര്‍ തുഴച്ചില്‍ബോട്ടില്‍ യാത്രചെയ്ത് ദ്വീപിലെത്താം. താമസസൗകര്യം: പരമാവധി എട്ടുപേര്‍ക്ക്. ഫീസ് 5000 രൂപ (5 പേര്‍ക്ക്) ഭക്ഷണത്തിനുവേറെ.

2. തെള്ളിക്കല്‍ നൈറ്റ്: വനത്തിനകത്ത് 7 കിലോമീറ്റര്‍ നടന്നെത്തണം. താമസം ഐ.ബി.യില്‍. 5 പേര്‍ക്ക് 4000 രൂപ.

3. വാച്ച്ടവറുകള്‍: ആനപ്പാടിയിലും സുങ്കത്തും. 5 പേര്‍ക്ക് 3500 രൂപ. ഭക്ഷണം പുറമെ പാകം ചെയ്തുനല്‍കും. തുകനല്‍കണം.
മച്ചാന്‍വേള്‍ഡ്-കുരിയാര്‍കുറ്റി: താമസം മരത്തിനുമുകളിലെ ഏറുമാടത്തില്‍. 5 പേരുടെ സംഘത്തിന് 3000 രൂപ.
മരമുകളിലെ കുടിലുകള്‍: പറമ്പിക്കുളം: ശനി, ഞായര്‍-3000 രൂപ (രണ്ടുപേര്‍ക്ക് താമസം), മറ്റുദിവസങ്ങളില്‍ 2500 രൂപ.
തൂണക്കടവ്: 4000, 3500. ഡാമിലെ ബോട്ട്‌യാത്ര, ഭക്ഷണം എന്നിവ ഉള്‍പ്പെടും.

4. ഫുള്‍മൂണ്‍ സെന്‍സസ്: എല്ലാമാസവും പൗര്‍ണമിനാളിലും രണ്ടുനാള്‍മുമ്പും പിമ്പുമായി അഞ്ചുദിവസംമാത്രം. അഞ്ചംഗസംഘത്തിന് ഒരു ദിവസത്തേക്ക് 5000 രൂപ.

5. മുളംചങ്ങാടത്തില്‍ യാത്ര: നാലംഗസംഘത്തിന് ഒരുമണിക്കൂറിന് 600 രൂപ.

6. സാലിംഅലിസെന്റര്‍-കുരിയാര്‍കുറ്റി: അഞ്ചുപേരുടെ സംഘത്തിന് 4000 രൂപ.

സന്ദര്‍ശനത്തിന് മുന്‍കൂട്ടി സൗകര്യങ്ങള്‍ ഉറപ്പാക്കുന്നത് നന്നാവും. ഇക്കൊകെയര്‍ സെന്റര്‍, ആനപ്പാടി, തൂണക്കടവ് പറമ്പിക്കുളം-678661 വിലാസത്തില്‍ ബന്ധപ്പെടണം.

ഫോണ്‍: 04253-245025, 245024. മൊബൈല്‍: 09442201690. വെബ്‌സൈറ്റ്: www.parambikulam.org,
ഇ മെയില്‍: wildlifewarden@parambikulam.org

No comments:

Post a Comment