25 December 2010

പ്രകൃതിയുടെ സ്വാഭാവികതയുമായി പന്നിക്കോട്ടൂര്‍


മനോഹരമായ പ്രകൃതി. സമ്പുഷ്ടമായ സസ്യ-ജൈവവൈവിധ്യം. പന്നിക്കോട്ടൂര്‍ വനപ്രദേശം ടൂറിസം ഭൂപടത്തില്‍ ഇടംതേടുകയാണ്. പ്രകൃതിയെ അതിന്റെ സ്വാഭാവിക തനിമയോടെ കാണാനും ആസ്വദിക്കാനുമായി ഇവിടെയെത്തുന്ന പ്രകൃതിസ്‌നേഹികളുടെയും വിനോദസഞ്ചാരികളുടെയും സംഖ്യ ദിവസവും ഏറുകയാണ്. മലബാറിന്റെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലാവുന്ന പെരുവണ്ണാമൂഴി ഇക്കോ ടൂറിസം മേഖല ഉള്‍ക്കൊള്ളുന്ന പ്രധാനകേന്ദ്രമാണ് പന്നിക്കോട്ടൂര്‍.


പിള്ളപ്പെരുവണ്ണ എന്നപേരിലാണ് ഈ പ്രദേശങ്ങള്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത്. പഴയ കുറുമ്പ്രനാട് താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന പേരാമ്പ്ര വില്ലേജിലെ കുറച്ചുഭാഗവും പിള്ളപ്പെരുവണ്ണ വില്ലേജില്‍ ഉള്‍പ്പെട്ട ചക്കിട്ടപാറ, പെരുവണ്ണാമൂഴി, ചെമ്പനോട എന്നീ വില്ലേജുകളും ഉള്‍പ്പെട്ടതാണ് പന്നിക്കോട്ടൂര്‍ മലവാരം. മധ്യതിരുവിതാംകൂറില്‍ നിന്ന് കുടിയേറിപ്പാര്‍ത്ത കര്‍ഷകരാണ് ഈ പ്രദേശത്തിന്റെ പുരോഗതിയില്‍ മുഖ്യപങ്കുവഹിച്ചത്. കാര്‍ഷിക-പാര്‍പ്പിട ആവശ്യത്തിന് കാട് വെട്ടിത്തെളിച്ചപ്പോള്‍ കാണപ്പെട്ട വലിയ കുളവും എണ്ണമറ്റ കിണറുകളും പുരാതന ക്ഷേത്രാവശിഷ്ടങ്ങളും, ഈ പ്രദേശത്തിന് കുടിയേറ്റത്തിന് മുമ്പേ മണ്‍മറഞ്ഞ ഒരു ചരിത്രമുണ്ടെന്നു തെളിയിക്കുന്നു.

ഈ ചരിത്രശേഷിപ്പിന്റെ സാക്ഷിയാണ് സഞ്ചാരികള്‍ക്ക് ആശ്ചര്യവും കൗതുകക്കാഴ്ചയുമായി നിലനില്‍ക്കുന്ന പന്നിക്കോട്ടൂര്‍ റിസര്‍വ് വനത്തിനകത്തുള്ള പുരാതനമായ കല്‍വിളക്ക്. ചെമ്പനോട റോഡിനു സമീപമാണ് ഈ കല്‍വിളക്കുള്ളത്. ഇവിടെ കാണപ്പെട്ടത് ശിവക്ഷേത്രത്തിന്റെ അവശിഷ്ടമാണെന്ന് വിശ്വസിക്കപ്പെടുന്നു. ദിവസവും ഒട്ടേറെ വിശ്വാസികള്‍ ഈ കല്‍വിളക്കു കാണാനെത്താറുണ്ട്.

കുന്നുകളും ചെറുതാഴ്‌വരകളും കാട്ടാറുകളും നിറഞ്ഞ ഈ വനഭൂമി സഞ്ചാരികള്‍ക്ക് ഹൃദ്യവും മനോഹരവുമായ അനുഭവമാണ്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ ഇവിടെ തിരിച്ചറിഞ്ഞ 680-ലധികം ഹരിത സസ്യയിനങ്ങളുണ്ട്. ഇതില്‍ 226 എണ്ണം ഇവിടെ മാത്രം കാണപ്പെടുന്നതും 69 ഇനം അപൂര്‍വവും വംശനാശ ഭീഷണിയുടെ നിഴലിലുമാണ്. നാല്പതോളം സസ്തനികളെയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്നിനം ഈ പ്രദേശത്തുമാത്രം കാണപ്പെടുന്നവയാണ്.

മലബാര്‍ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റി 'പക്ഷികളുടെ പറുദീസ'യെന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. 110 പക്ഷിവര്‍ഗങ്ങളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്നിനം വംശനാശ ഭീഷണിയിലാണ്. 34 ഇനം ഉരഗവര്‍ഗങ്ങളും ഇവിടെ കാണപ്പെടുന്നു. രാജവെമ്പാലയുടെ ആവാസകേന്ദ്രം കൂടിയാണ് ഈ പ്രദേശം. ഇവിടെ കാണുന്ന 32 ഇനം ഉഭയജീവികളില്‍ 16 എണ്ണം ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. സമീപപ്രദേശങ്ങളിലെ അരുവികളിലും ജലാശയങ്ങളിലുമായി 32 ഇനം മത്സ്യങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടില്‍ ഷെഡ്യൂള്‍ഡ് ഒന്നില്‍ ഉള്‍പ്പെടുത്തിയ 'തൊര്‍ക്കൂഡ്രീ' എന്ന മത്സ്യവും ഇവിടെ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. 'ഈറ്റ തവള' എന്നു വിളിക്കുന്ന പുതിയൊരിനം തവളയെ ഈ മേഖലയില്‍ കണ്ടെത്തുകയുണ്ടായി.

പുഴയുടെ കരയിലെ നിബിഡമായ പന്നിക്കോട്ടൂര്‍ റിസര്‍വ് വനത്തിലൂടെ ട്രക്കിങ് സൗകര്യം ലഭ്യമാണ്. ആന, മലാന്‍, നാടന്‍കുരങ്ങ്, കാട്ടാട്, മുള്ളന്‍പന്നി, മലയണ്ണാന്‍, മുയല്‍, കാട്ടുപൂച്ച, ഈനാംപേച്ചി, മരപ്പട്ടി, വെരുക്, മ്ലാവ്, മാന്‍ എന്നിവയെ കാണാനുള്ള അവസരമുണ്ട്. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കലും വനസംരക്ഷണവുമാണ് പെരുവണ്ണാമൂഴി ഇക്കോ ടൂറിസം പദ്ധതിയുടെ ലക്ഷ്യം. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് പെരുവണ്ണാമൂഴി ഡാം, കേന്ദ്ര സുഗന്ധവിള ഗവേഷണകേന്ദ്രം, കൃഷി വിജ്ഞാനകേന്ദ്രം, കുത്താളി കൃഷിത്തോട്ടം എന്നിവയും സന്ദര്‍ശിക്കാം.

കോഴിക്കോട് നഗരത്തില്‍ നിന്ന് ഏതാണ്ട് 70 കിലോമീറ്റര്‍ അകലെയാണ് പന്നിക്കോട്ടൂര്‍ മേഖല, റോഡുമാര്‍ഗമേ ഇവിടെയെത്താന്‍ കഴിയൂ.

കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ഫോ:04952720012

No comments:

Post a Comment