25 December 2010

കോവളം-തെക്കിന്റെ പറുദീസ


 

ബീച്ചില്‍നിന്ന് ബീച്ചിലേക്കൊരു യാത്ര. ശരിക്കും വെറുതെയൊരു ചുറ്റിയടി. കോവളം യാത്ര ആസ്വദിക്കുന്നതങ്ങനെയാണ്. മണല്‍ത്തീരങ്ങളുടെ സ്വര്‍ണശോഭയും കേരവൃക്ഷങ്ങളുടെ പച്ചപ്പും സ്വച്ഛമായ ജലപ്പരപ്പിന്റെ നീലിമയും സമന്വയിക്കുന്ന ഇടം. നിലാവുള്ള രാത്രികളില്‍ കോവളം സ്വര്‍ഗസമാനം.


പാറക്കൂട്ടവും ചെറുകുന്നുകളും തെങ്ങിന്‍ തോപ്പുകളും തിരുവനന്തപുരം നഗരം വിട്ട് കോവളത്തോടടുക്കുന്നതിന്റെ സൂചന തരുന്നു. ബീച്ചില്‍നിന്നാലും അത്തരം കാഴ്ചകള്‍ പിന്തുടരും.

ലോക ടൂറിസംഭൂപടത്തില്‍ കേരളത്തെക്കൊണ്ടെത്തിച്ച കോവളംബീച്ച് വിദേശികള്‍ക്ക് എന്നും പ്രിയം. 1930 മുതല്‍ വിദേശ സഞ്ചാരികള്‍ താവളമടിക്കാന്‍ തുടങ്ങിയ ഇവിടം 70 കളിലെ ഹിപ്പി തരംഗത്തിനും സാക്ഷിയായി.

അടിത്തട്ടുവരെ കാണാവുന്ന പളുങ്ക് ജലത്തിലൂടെ 100 മീറ്ററോളം കടലിലേക്കിറങ്ങാം. ലൈഫ് ഗാര്‍ഡുകള്‍ സഹായത്തിനുണ്ടാകും.

പ്രകൃതിമനോഹാരിതയ്‌ക്കൊപ്പം എല്ലാതരക്കാരുടെയും സാമ്പത്തികസ്ഥിതിക്കൊതുങ്ങുന്ന രീതിയിലുള്ള താമസസൗകര്യവും (ഹോട്ടലുകളും റിസോര്‍ട്ടുകളും) ഇവിടെ ലഭ്യമാണ്. ആയുര്‍വേദ മസാജ് പാര്‍ലറുകളും യോഗകേന്ദ്രങ്ങളും കോവളത്തെ ആകര്‍ഷണങ്ങളാണ്. സൂര്യസ്‌നാനം, കടലില്‍ നീന്തിക്കുളി, കട്ടമരത്തില്‍ സാഹസികയാത്ര ഇങ്ങനെ നീളുന്നു ഇവിടുത്തെ വിനോദോപാധികള്‍.

മൂന്ന് മുഖ്യ ബീച്ചുകളാണ് കോവളത്തിന് സ്വന്തം. തെക്കേയറ്റത്തേത് ലൈറ്റ് ഹൗസ് ബീച്ച്. മുപ്പത് മീറ്ററോളം ഉയരമുള്ള ലൈറ്റ് ഹൗസ് ഈ ബീച്ചിലെ കാഴ്ച. വിഴിഞ്ഞം മോസ്‌കും ഇവിടെനിന്നാല്‍ കാണാം.

സന്ദര്‍ശകര്‍ക്ക് പ്രിയം തൊട്ടടുത്ത ഹവ്വ ബീച്ചാണ്. വാരാന്ത്യയാത്രകള്‍ക്കും മറ്റുമായെത്തുന്ന തദ്ദേശീയര്‍ തങ്ങുന്നതും ഇവിടെ. സണ്‍ബാത്തിനെത്തുന്ന 'ഹവ്വ'യും ആദവുമൊക്കെ ബിക്കിനിയിലോ സ്വിമ്മിങ് സ്യൂട്ടിലോ ബീച്ചിലുണ്ടാവും.

അശോക്ബീച്ചാണ് മൂന്നാമത്തേത്. ഇവ കൂടാതെ മത്സ്യത്തൊഴിലാളികളും മറ്റും തമ്പടിക്കുന്ന സമുദ്ര ബീച്ച് പോലെ ചെറു ബീച്ചുകള്‍ വേറെയുമുണ്ട്.

സപ്തംബര്‍ - മെയ് കാലയളവാണ് സീസണായി കരുതുന്നതെങ്കിലും വര്‍ഷം മുഴുവന്‍ സഞ്ചാരികള്‍ എത്തുന്നു തെക്കിന്റെ പറുദീസയെന്നറിയപ്പെടുന്ന ഇവിടെ. വേനല്‍ക്കാലത്ത് താപനില (ഡിഗ്രി സെല്‍സിയസില്‍) 36-20.6, ശൈത്യകാലത്ത് 35-18.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് വെറും 20 കിലോമീറ്ററേയുള്ളു കോവളത്തിന്. റെയില്‍വെ സ്‌റ്റേഷനില്‍നിന്ന് (തിരുവനന്തപുരം സെന്‍ട്രല്‍) 16 കിലോമീറ്ററും. തിരുവനന്തപുരം നഗരത്തില്‍നിന്ന് ബസുകള്‍ സുലഭം. നഗരത്തിലെ കിഴക്കേക്കോട്ട ബസ്സ്റ്റാന്റില്‍ നിന്ന് ഓരോ 15 മിനിറ്റിലും ബസ് സര്‍വീസുണ്ട്. ബസിറങ്ങി, കുന്നിറങ്ങി കോവളം ബീച്ചില്‍ എത്തും.

വിഴിഞ്ഞം തുറമുഖം ഇവിടെ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ. ചുറ്റിക്കറങ്ങാന്‍ വാടകയ്ക്ക് ബൈക്കും ലഭിക്കും.

ഫോണ്‍ നമ്പറുകള്‍ - കോവളം ബസ് സ്റ്റാന്‍ഡ്: 0471-2480365, 2481365; ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, കോവളം: 04712480085; ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), വെള്ളയമ്പലം: ഫോണ്‍-0471-2315397, ഫാക്‌സ്-0471-2313606; ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം, പാര്‍ക്ക് വ്യൂ:0471-2321132; ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, റെയില്‍വെ സ്റ്റേഷന്‍, തമ്പാനൂര്‍: 0471-2334470; ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, കെ.എസ്.ആര്‍.ടി.സി. സെന്‍ട്രല്‍ ബസ് സ്റ്റേഷന്‍, തമ്പാനൂര്‍: 0471-2327224; ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്: 04712502298.

No comments:

Post a Comment