ഏഷ്യയിലെ ഒന്നാമത്തേതും ലോകത്തിലെ രണ്ടാമത്തേതുമായ ഏറ്റവും വലിയ കൃത്രിമ ശുദ്ധജല സംഭരണിയാണ് ശിരുവാണിയിലേത്. മഴയുടെയും കാലാവസ്ഥയുടെയും പരിസ്ഥിതിയുമായി ഇണങ്ങുന്ന ജീവിതത്തിന്റെയും സൗന്ദര്യം അനുഭവിച്ചറിയാന്‍ പറ്റിയ സന്ദര്‍ശനകേന്ദ്രം.
ശുദ്ധജലസംഭരണിയായതുകൊണ്ടുതന്നെ ജലസംഭരണിയില്‍ ഇറങ്ങാനാവില്ല. എന്നാല്‍ ജലസംഭരണിയില്‍നിന്ന് പുറത്തേക്കുള്ള നീരൊഴുക്കുകളുടെ തണുപ്പ് സന്ദര്‍ശകര്‍ക്ക് ഏറെ കുളിര്‍മപകരും. സമുദ്രനിരപ്പില്‍നിന്ന് 1550 അടി ഉയരത്തിലാണ് അണക്കെട്ട്. മുത്തിക്കുളം റിസര്‍വ് ഫോറസ്റ്റിന്റെയും നീലഗിരി ജൈവവൈവിദ്ധ്യമേഖലയുടെയും ഭാഗമാണിത്. പട്ടിയാര്‍ ബംഗ്ലാവ്, കേരളമേട് എന്നിവിടങ്ങളില്‍നിന്നെല്ലാം മികച്ച കാഴ്ചാനുഭവം ലഭിക്കും.
പാലക്കാട്ടുനിന്ന് കരിമ്പവഴി 48 കിലോമീറ്ററുണ്ട് ശിരുവാണിയിലേക്ക്. കോഴിക്കോട്ഭാഗത്തുനിന്നു വരുന്നവര്‍ക്ക് ചിറയ്ക്കല്‍പടിയില്‍നിന്ന് തിരിഞ്ഞ് കാഞ്ഞിരപ്പുഴ അണക്കെട്ട്‌വഴി ശിരുവാണിയിലെത്താം. തൊട്ടടുത്ത ടൗണ്‍ മണ്ണാര്‍ക്കാടാണ്. അടുത്ത വിമാനത്താവളം കോയമ്പത്തൂര്‍. റെയില്‍വേസ്റ്റേഷന്‍ ഒലവക്കോട് (പാലക്കാട് ജങ്ഷന്‍).
ഏഴ് ഹെയര്‍പിന്‍ വളവുകള്‍ കടന്നാല്‍ താഴ്‌വരയുടെ ദൃശ്യം കാണാനാകും.
ശിരുവാണി സഫാരി, കൂടം ട്രക്കിങ്, മുത്തിക്കുളം വാക്ക് എന്നീ മൂന്ന് വൈവിദ്ധ്യമാര്‍ന്ന പദ്ധതികള്‍ വനംവകുപ്പ് വിനോദയാത്രികര്‍ക്കായി തയ്യാറാക്കിയിട്ടുണ്ട്. യാത്രയ്‌ക്കൊരുങ്ങുന്നവര്‍ മുന്‍കൂട്ടിത്തന്നെ ബുക്ക്‌ചെയ്യുന്നത് സൗകര്യപ്രദമാവും. ഇതിനായി റേഞ്ച് ഓഫീസര്‍-9447979066, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ.-04924-222574 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
സ്വന്തംവാഹനത്തില്‍ ശിങ്കപ്പാറയിലെ ഫോറസ്റ്റ്‌സ്റ്റേഷന്‍ വരെ മാത്രമേ യാത്ര അനുവദിക്കൂ. അവിടെനിന്ന് 8 പേര്‍ക്ക് സഞ്ചരിക്കാവുന്ന സഫാരിവാഹനത്തിന് 400 രൂപയാണ് നിരക്ക്. നിലവില്‍ താമസസൗകര്യങ്ങള്‍ വളരെ പരിമിതമാണ്. താമസസൗകര്യങ്ങളൊരുക്കാന്‍ പദ്ധതി തയ്യാറാക്കിവരുന്നതായി റേഞ്ച് ഓഫീസര്‍ ഇ.പി. നോബര്‍ട്ട് ദിലീപ് പറഞ്ഞു.
ശിരുവാണി സഫാരി വാഹനത്തില്‍ വനം ചുറ്റിക്കാണലാണ്. കൂടംട്രക്ക് ശിങ്കപ്പാറയില്‍നിന്ന് കാട്ടരുവികളും ചോലകളും കുറുകെ കടന്ന് 12 കിലോമീറ്റര്‍ നടന്ന് ഡാംസൈറ്റില്‍ എത്തുംവിധമാണ് സംവിധാനം ചെയ്തിട്ടുള്ളത്. മുത്തിക്കുളം വാക്ക് 18 കിലോമീറ്റര്‍ മലകയറി രാത്രി കാട്ടിനകത്ത് ടെന്റില്‍ താമസിച്ച് പിറ്റേന്ന് തിരികെ ഇറങ്ങുംവിധമാണ്.
No comments:
Post a Comment