25 December 2010

അവിസ്മരണീയം തേക്കടി

കേരളത്തിലെ ഏറ്റവും പഴയ സംരക്ഷിത വനമേഖല. 777 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. ഇലകൊഴിയും കാടുകളും പുല്‍മേടുകളും നിത്യഹരിത വനങ്ങളും തടാകവും എല്ലാം ചേര്‍ന്ന തേക്കടി കേരളത്തിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര മേഖലകളിലൊന്നാണിത്.


ജലാശയത്തിലെ സാധാരണ ബോട്ടുയാത്രയായാലും ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായ ചങ്ങാടയാത്രയായാലും സാധാരണ പ്രകൃതിയാത്രയായാലും വനത്തിലൂടെയുള്ള പട്രോളിങ്ങായാലും ജംഗിള്‍ ക്യാമ്പായാലും സന്ദര്‍ശകനെ സംബന്ധിച്ച് തേക്കടി അവിസ്മരണീയമായ അനുഭവമാണ്.

ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ നൂതന പ്രവര്‍ത്തനങ്ങള്‍കൊണ്ടും ഇന്ത്യയിലെ തന്നെ പ്രമുഖമായ കടുവാസങ്കേതം എന്ന നിലയ്ക്കും തേക്കടി ലോകപ്രശസ്തമാണ്. ഇപ്പോള്‍ ഇടുക്കി ജില്ലയില്‍ പെടുന്ന ഈ സ്ഥലത്ത് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച് 26 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള തടാകത്തിന് രൂപം നല്‍കുന്നത് 1895-ലാണ്. തടാകത്തിന് ചുറ്റുമുള്ള വനമേഖല 1899-ല്‍ സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിച്ചു. 1933-ല്‍ തിരുവിതാംകൂര്‍ ഭരണകൂടം എസ്.സി.എച്ച്.റോബിന്‍സനെ ഇവിടെ ഗെയിംവാര്‍ഡനായി നിയമിക്കുന്നതോടെ പ്രദേശത്തിന്റെ സംരക്ഷണത്തിന് പുതിയ ദിശാബോധം കൈവന്നു.

600 ചതുരശ്ര കിലോമീറ്റര്‍ വനപ്രദേശം 1934-ല്‍ സാങ്ച്വറിയായി പ്രഖ്യാപിച്ചു. 1950-ല്‍ ഇതിന്റെ വിസ്തൃതി 777 ചതുരശ്ര കിലോമീറ്ററായി വര്‍ധിപ്പിച്ചു. 'പെരിയാര്‍ കടുവാസങ്കേത'മായി പ്രഖ്യാപിക്കപ്പെടുന്നത് 1978-ലാണ്. ഇടുക്കി ജില്ലയില്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ മംഗളാദേവി മുതല്‍ ശബരിമല വരെ വ്യാപിച്ചു കിടക്കുന്ന വനപ്രദേശമാണ് പെരിയാര്‍ കടുവാസങ്കേതത്തിലേത്. വന്യജീവികളെ അടുത്ത് കാണാനും കാടിനെ അറിയാനും ആഗ്രഹിക്കുന്നവര്‍ക്ക് തേക്കടിയിലും മികച്ച ഒരു സന്ദര്‍ശനകേന്ദ്രം വേറെയില്ല. നാട്ടുകാരും വിദേശികളുമായി ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ ഇപ്പോള്‍ തേക്കടിയിലെത്തുന്നു.

ഇക്കോടൂറിസം പദ്ധതി നടപ്പായതോടെ കാടിനെ അറിയാന്‍ കൂടുതല്‍ വഴികള്‍ തുറക്കുകയാണ് തേക്കടിയില്‍ സംഭവിച്ചത്. ഒപ്പം കാടിന്റെ സംരക്ഷണവും ഉറപ്പു വരുത്തുന്നു. സംരംക്ഷണവും സന്ദര്‍ശനവും സംയോജിപ്പിച്ചുകൊണ്ടുള്ള അപൂര്‍വത. കാടിനെ നശിപ്പിക്കാനും ചൂഷണം ചെയ്യാനും കൂട്ടുനിന്നവരെയാണ് ഇക്കോടൂറിസം പദ്ധതിയില്‍ പ്രയോജനപ്പെടുത്തുന്നത്. കാട് നശിപ്പിച്ചവര്‍ തന്നെ ഇന്ന് കാടിന്റെ രക്ഷകരായി മാറിയിരിക്കുന്നു.

കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 190 കിലോമീറ്ററും മധുര വിമാനത്താവളത്തില്‍ നിന്ന് 140 കിലോമീറ്ററും അകലെയാണ് തേക്കടി. തേനി റെയില്‍വെ സ്‌റ്റേഷനില്‍ നിന്നാണെങ്കില്‍ 60 കിലോമീറ്റര്‍ അകലമുണ്ട്, എറണാകുളത്തുനിന്ന് 190 കിലോമീറ്ററും. ബസ്സിനാണെങ്കില്‍ തിരുവനന്തപുരം, കൊച്ചി, കോട്ടയം, മൂന്നാര്‍, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം നേരിട്ടുള്ള സര്‍വീസുകളുണ്ട്.

തേക്കടിയിലെ ടൂറിസം പാക്കിജുകളെക്കുറിച്ച് അറിയാന്‍ തേക്കടിയിലെ ഇക്കോടൂറിസം സെന്ററുമായി ബന്ധപ്പെടാം, ഫോണ്‍: 04869 224571. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം, ഫോണ്‍: 04869 222389, 222366. ബോട്ട് ലാന്റിങിലെ ഫോറസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ഫോണ്‍: 04869 222028. ബാംബൂഗ്രോവ്, ജംഗിള്‍ ഇന്‍ തുടങ്ങിയവയില്‍ രാത്രി താമസിക്കാന്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം, ഫോണ്‍: 04869 224571. കെ.ടി.ഡി.സി.യുടെ ആരണ്യനിവാസ്, ലേക് പാലസ്, പെരിയാര്‍ ഹൗസ് ഉള്‍പ്പടെ വിവിധ വാടക പരിധിയിലുള്ള അസംഖ്യം ഹോട്ടലുകളും ഹോംസ്‌റ്റേകളും തേക്കടിയിലും പരിസരത്തും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ സൈറ്റിലെത്താന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment