25 December 2010

ആലപ്പുഴ-ഗ്രാമീണതയുടെ ഹരിതഭംഗി

ആലപ്പുഴയ്ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇവിടം സന്ദര്‍ശിച്ച ബ്രിട്ടീഷ് വൈസ്രോയി കര്‍സണ്‍ പ്രഭു ആലപ്പുഴയെ 'കിഴക്കിന്റെ വെനീസ്' എന്ന് വിശേഷിപ്പിച്ചു.


കേരളത്തില്‍ ഏറ്റവുമധികം നെല്‍കൃഷിയുള്ള രണ്ട് പ്രദേശങ്ങള്‍ കുട്ടനാടും പാലക്കാടുമാണ്. അതിനാല്‍ കുട്ടനാട് 'കേരളത്തിന്റെ നെല്ലറ'യെന്ന് അറിയപ്പെടുന്നു. സമുദ്രനിരപ്പില്‍നിന്ന് ഒന്നര മുതല്‍ രണ്ട് മീറ്റര്‍ താഴെ നെല്ല് വിളയുന്ന സ്ഥലം കുട്ടനാടല്ലാതെ ലോകത്ത് വേറെ ഇല്ല. 'കേരളത്തിലെ ഹോളണ്ട്' എന്ന പേര് അതുവഴി വന്നതാണ്. സംസ്ഥാനത്തെ കയര്‍വ്യവസായത്തിന്റെ കേന്ദ്രം, കുടനിര്‍മാണത്തിന്റെ തലസ്ഥാനം. വിശേഷണങ്ങള്‍ നീളുന്നു.

കായലുകള്‍, വിശാലമായ കായല്‍നിലങ്ങള്‍, ജലപാതകള്‍, ജലോത്സവങ്ങള്‍, വള്ളംകളി, ഹൗസ്‌ബോട്ടുകള്‍, തീര്‍ഥാടനകേന്ദ്രങ്ങള്‍, ഐതീഹ്യങ്ങള്‍, കായല്‍ തൂര്‍ത്ത് കൃഷി സാധ്യമാക്കിയതിന്റെ ചരിത്രം, കയര്‍മേഖലയുടെ സജീവത, ഗ്രാമജീവിതത്തിന്റെ വൈവിധ്യം, ദേശാടനപക്ഷികളുടെ ഈറ്റില്ലം, ഒരുവശത്ത് കടലും മറുവശത്ത് കായലും, അതിലെല്ലാം അധികമായി കൊതിയൂറും കുട്ടനാടന്‍ വിഭവങ്ങള്‍....ഏതര്‍ഥത്തിലും സമ്പന്നമാണ് ആലപ്പുഴ, അതിന്റെ ഹരിതപരിസരവും. സന്ദര്‍ശകര്‍ക്ക് നിരാശരാകേണ്ടി വരില്ല, തീര്‍ച്ച.

പകല്‍നേരത്ത് ചങ്ങനാശ്ശേരിയില്‍നിന്ന് ആലപ്പുഴ വരെ ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ യാത്രചെയ്താല്‍ തന്നെ അതൊരു അപൂര്‍വ അനുഭവമായിരിക്കും. ആ നിലയ്ക്ക് രാവുംപകലും വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പിലൂടെ നീങ്ങുന്ന ഹൗസ്‌ബോട്ടുകള്‍ പോലുള്ള ഉല്ലാസനൗകകളില്‍ കഴിയുന്ന കാര്യമോ. സാധ്യതകള്‍ ഒട്ടേറെയാണ്..മണിക്കൂറിന് 200 വീതം നല്‍കി ഒരു സ്​പീഡ് ബോട്ട് വാടകയ്‌ക്കെടുക്കുകയോ, ഹൗസ്‌ബോട്ടില്‍ ഉല്ലസിക്കുകയോ ആകാം (ഹൗസ്‌ബോട്ടിന് ദിവസം 3000 രൂപ മുതല്‍ മുകളിലോട്ടാണ് വാടക).

ബോട്ടില്‍ കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങള്‍ സന്ദര്‍ശിക്കാം. ആര്‍-ബ്ലോക്ക്, ക്യൂ.എസ്.ടി. കായലുകള്‍ ടൂറിസ്റ്റുകളുടെ ഹരമാണ്. ആലപ്പുഴ നിന്ന് ഒന്നര മണിക്കൂര്‍ വേണം ബോട്ടില്‍ ഇവിടെയെത്താന്‍. കൈനകരി ചാവറഭവന്‍, ചമ്പക്കുളം, എടത്വ പള്ളികള്‍ എന്നിവ മേഖലയിലെ സന്ദര്‍ശന പ്രാധാന്യമേറിയ തീര്‍ഥാടനകേന്ദ്രങ്ങളാണ്. ഈ പ്രദേശങ്ങളിലേക്ക് സംസ്ഥാന ജലഗതാഗതവകുപ്പിന്റെ ബോട്ടുകളും സര്‍വീസ് നടത്തുന്നുണ്ട്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ആലപ്പുഴനിന്ന് 15 കിലോമീറ്ററേയുള്ളു. മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തിലേക്ക് 32 കിലോമീറ്ററും, അര്‍ത്തുങ്കല്‍ പള്ളിയിലേക്ക് 22 കിലോമീറ്ററും.

വേമ്പനാട്ടുകായലിലെ പാതിരാമണലാണ് ഒഴിവാക്കാന്‍ പാടില്ലാത്ത മറ്റൊരു കേന്ദ്രം. സ്​പീഡ്‌ബോട്ടിലാണെങ്കില്‍ ആലപ്പുഴനിന്ന് അരമണിക്കൂര്‍ മതി പാതിരാമണലിലെത്താന്‍. അമ്പലപ്പുഴക്ക് മൂന്ന് കിലോമീറ്റര്‍ കിഴക്ക് സ്ഥിതിചെയ്യുന്ന കരുമാടിക്കുട്ടന്‍ ആണ് മറ്റൊരു ആകര്‍ഷണം. പതിനൊന്നാം നൂറ്റാണ്ടിലെ ആ ബുദ്ധപ്രതിമയുമായി ബന്ധപ്പെട്ട് എണ്ണമറ്റ ഐതിഹ്യങ്ങളുണ്ട്. സംസ്ഥാന പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലാണ് ഈ ചരിത്രസ്മാരകം ഇപ്പോള്‍.

കോട്ടയം, ചങ്ങനാശ്ശേരി, കൊല്ലം, കുമരകം എന്നിവിടങ്ങളില്‍നിന്ന് ബോട്ട് മുഖേന ആലപ്പുഴയില്‍ എത്താം. കോട്ടയത്തുനിന്ന് രണ്ടര മണിക്കൂറും ചങ്ങനാശ്ശേരിയില്‍ നിന്ന് മൂന്നുമണിക്കൂറും വേണം ആലപ്പുഴയിലേക്ക്. കോട്ടയത്തേക്കും ചങ്ങനാശ്ശേരിയിലേക്കും സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ ആലപ്പുഴയില്‍ നിന്നുണ്ട്. കുമരകത്തേക്ക് രണ്ടു മണിക്കൂറാണ് യാത്രാസമയം. ആലപ്പുഴയില്‍ എത്താന്‍ റോഡ്, റെയില്‍വെ സൗകര്യങ്ങളും ഉണ്ട്. ഹോട്ടലുകളും കായലോര റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും സുലഭം. വിവിധ നിലവാരത്തില്‍ താമസസൗകര്യം ലഭ്യം.

സമീപത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ തിരുവനന്തപുരവും (150 കിലോമീറ്റര്‍) നെടുമ്പാശേരി (85 കിലോമീറ്റര്‍) യുമാണ്. ആലപ്പുഴ റെയില്‍വെ അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 0477-2253965; കെ.എസ്.ആര്‍.ടി. അന്വേഷണങ്ങള്‍ക്ക് ഫോണ്‍: 0477-2252501; ഫെറി സര്‍വീസ്: 0477-2252015; സംസ്ഥാന ജലഗതാഗതവകുപ്പ് പബ്ലിക്ക് ബോട്ട് സര്‍വീസ്: 0477-2252510; ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍-ഫോണ്‍: 0477-2253308, 2251796, ഫാക്‌സ്: 0477-2251720; ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഫോണ്‍: 0477-2260722; ആലപ്പുഴ ടൂറിസം ഡെവലപ്‌മെന്റ് കോഓപ്പറേറ്റീവ് സൊസൈറ്റി, ഫോണ്‍: 0477-2231145, 2243462, 2241693.

No comments:

Post a Comment