25 December 2010

വാഗമണ്‍ വിളിക്കുന്നു




ഡിസംബറിന്റെ രാവും പകലും ഹൈറേഞ്ച് യാത്രകള്‍ക്കായി മാടിവിളിക്കുന്നുവെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഒരു സ്ഥലം വാഗമണ്‍ ആകും.

തേയില വിളയുന്ന മലകള്‍ ചെന്നുചേരുന്നത് പ്രകൃതി പച്ചപ്പിന്റെ പരവതാനി വിരിച്ച ചെറുകുന്നുകള്‍ക്കിടയിലാവും. വാഗമണിലെ പുല്‍മേട്ടില്‍ ഒന്നുമലര്‍ന്നുകിടന്ന് പ്രകൃതിയോട് സല്ലപിക്കാന്‍ ഏത് അരസികനും കൊതിക്കും.

നിങ്ങളെ തഴുകി കടന്നുപോകുന്ന മഞ്ഞുമേഘങ്ങള്‍ക്കും കണ്‍മുന്നില്‍ കാണുന്ന മലമടക്കുകള്‍ക്കും ഒരു സിനിമാറ്റിക് ബ്യൂട്ടി തോന്നിയാല്‍ അദ്ഭുതപ്പെടേണ്ടതില്ല. വെള്ളിത്തിരയില്‍ ഒരുപാട് നായികാനായകന്മാര്‍ പ്രണയം പങ്കുവച്ചതും പാടി പ്രണയിച്ചതുമൊക്കെ ഓര്‍ത്തെടുത്ത് വാഗമണ്‍ കുന്നുകളിലെ കുളിര്‍കാറ്റ് നിങ്ങളോട് പറയും.

ഏതുകാലത്തും വാഗമണ്‍ യാത്രയാകാമെന്നതാണ് ഇവിടുത്തെ കാലാവസ്ഥയുടെ പ്രത്യേകത. യാത്രയ്ക്കിടെ മലമടക്കുകളുടെ ജീവനാഡിയായി ഒഴുകുന്ന നീരരുവികളിലെ കുളിര് കുടിച്ചും കുളിച്ചും ആസ്വദിക്കുന്ന യാത്രാസംഘങ്ങള്‍ ആരവത്തോടെ നിങ്ങളെ വരവേല്‍ക്കുന്നുണ്ടാകും.

കോട്ടയം ജില്ലയുടെ അതിര്‍ത്തിപ്രദേശത്ത് ഇടുക്കി ജില്ലയില്‍ ഉള്‍പ്പെടുന്ന ഇവിടം പാരാഗ്ലൈഡിങ്ങിന് പറ്റിയ സ്ഥലമായി അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാറ്റിന്റെ വേഗവും മറ്റ് പരിസ്ഥിതിയുമൊക്കെ അതിന് അനുകൂലമാണ്. സമുദ്രനിരപ്പില്‍നിന്ന് 1,100 മീറ്റര്‍ ഉയരം. താപനില ഏതുമാസത്തിലും ഏത് സമയത്തും 10-25 ഡിഗ്രി സെല്‍ഷ്യസില്‍ കൂടില്ല.

വാഗമണില്‍ തലയെടുത്ത് നില്‍ക്കുന്ന മൂന്ന് കുന്നുകള്‍- കുരിശുമല, മുരുഗന്‍മല, തങ്ങള്‍പാറ. ട്രക്കിങ്ങുകാരുടെ പറുദീസയെന്നും വാഗമണിന് പേരുണ്ട്. മനസ്സില്‍ അല്പമെങ്കിലും സാഹസികത ആവശേഷിക്കുന്നവര്‍ക്ക് ഇവിടത്തെ ചെങ്കുത്തായ മലകളോടും പാറക്കെട്ടുകളോടും പ്രണയം തോന്നും.

ട്രക്കിങ്ങും റോക്ക് ക്ലൈമ്പിങ്ങും മൗണ്ടനേറിങ്ങും വാഗമണില്‍ സമന്വയിക്കുന്നത് ഈ മൂന്ന് മലകളെ കേന്ദ്രീകരിച്ചാണ്. കുരിശുമലയ്ക്ക് മുകളില്‍ ചെറിയൊരു പള്ളിയും സമീപത്ത് ക്രൈസ്തവസംന്യാസിമഠവും. ആശ്രമത്തോട് അനുബന്ധിച്ച് ഒരു ഡെയറിഫാമും പ്രവര്‍ത്തിക്കുന്നു. സമുദ്രനിരപ്പില്‍നിന്ന് 4,000 അടി ഉയരമാണ് കുരിശുമലയ്ക്ക്. ദൂരം കോട്ടയത്തുനിന്ന് 64 കിലോമീറ്റര്‍. താമസത്തിന് സ്വകാര്യ ഹോട്ടലുകള്‍ ധാരാളം.

പീരുമേടില്‍ നിന്ന് 25 കിലോമീറ്ററാണ് വാഗമണിലേക്ക്. വിവരങ്ങള്‍ക്ക് കുമിളിയിലെ ജില്ലാ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഫോണ്‍: 04869-222620; പീരുമേട് ഗസ്റ്റ്ഹൗസ്,ഫോണ്‍: 04869-232071; കെ.ടി.ഡി.സി. യാത്രിനിവാസ്, പീരുമേട്, ഫോണ്‍: 04869-233350.

No comments:

Post a Comment