കോട്ടകളുടെ നാടാണ് കാസര്‍ക്കോട്. ചെറുതും വലുതുമായ ഒട്ടേറെ എണ്ണം. ബേക്കല്‍, ചന്ദ്രഗിരി, ഹോസ്ദുര്‍ഗ്, കുമ്പള...ഇങ്ങനെ നീളുന്നു ഇവിടുത്തെ കോട്ടകളുടെ പട്ടിക. അതില്‍ ഏറ്റവും പ്രമുഖം ബേക്കല്‍ തന്നെ. അറബിക്കടലിന്റെ മനോഹര തീരവും ചരിത്രമുറങ്ങുന്ന കോട്ടയുടെ കമനീയതയും ബേക്കലിനെ അപൂര്‍വമായൊരു അനുഭവമാക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് ബേക്കല്‍; സംസ്ഥാനത്ത് ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടിട്ടുള്ള കോട്ടയും ഇതുതന്നെ.
കാസര്‍ക്കോട് പട്ടണത്തിന് തെക്ക് സംസ്ഥാനപാതയ്ക്കരികിലാണ് ബേക്കല്‍ കോട്ട. പതിനേഴാംനൂറ്റാണ്ടില്‍ വെട്ടുകല്ലില്‍ നിര്‍മിച്ച ഈ സ്മാരകം, ചരിത്രവും ഐതീഹ്യവും ഇഴചേരുന്ന മനോഹരസ്ഥാനമാണ്. 1645 നും 60 നും ഇടയില്‍ ഇക്കേരി രാജവംശം നിര്‍മിച്ചു. 1763ല്‍ ഹൈദരാലി കൈവശപ്പെടുത്തി. ടിപ്പുവിന്റെ പരാജയത്തോടെ ബ്രിട്ടീഷ് ആധിപത്യത്തിലായി.
36 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കോട്ട അറബിക്കടലിലേക്ക് ഇറങ്ങി നില്‍ക്കുംപോലെയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. സമുദ്രനിരപ്പില്‍നിന്ന് 130 അടി ഉയരമുണ്ട് ഈ സ്മാരകത്തിന്. ഒരു കിലോമീറ്റര്‍ അകലെയുള്ള ബേക്കല്‍ ബീച്ചില്‍നിന്ന് കോട്ടയുടെ മനോഹരദൃശ്യം ലഭിക്കും.
കോട്ടയുടെ കവാടത്തോട് ചേര്‍ന്ന് കോട്ടയോളം പഴക്കമുള്ളൊരു ഹനുമാന്‍ ക്ഷേത്രമുണ്ട്. കോട്ടയ്ക്ക് വെളിയില്‍ ഒരു മുസ്ലിം പള്ളിയും. കോട്ടയുടെ മധ്യത്തില്‍ 30 അടി ഉയരത്തില്‍ നിരീക്ഷണ ഗോപുരമണ്ഡപമുണ്ട്. പടിഞ്ഞാറ്റെ കൊത്തളങ്ങളിലിരുന്ന് കടലിന്റെയും തീരത്തിന്റെയുംചന്തം നുകരാം. കോട്ടയില്‍ നിന്ന് പുറത്തേക്ക് രണ്ട് ഗുഹാമാര്‍ഗങ്ങളുണ്ട്. പടിഞ്ഞാറ് കടലിനോട് ചേര്‍ന്ന് പാറക്കെട്ടുകളെ ചുറ്റി വളഞ്ഞ് നടപ്പാത പോകുന്നു. ഇതിനു സമീപം ആയുധപ്പുരയുമുണ്ട്.
ലോകവിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടിയതോടെ ബേക്കലിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ് കോട്ട ഇപ്പോള്‍. കേരളത്തിലെ ഏഴ് അത്ഭുതങ്ങളിലൊന്നായി എന്‍.ഡി.ടി.വി. അടുത്തയിടെ ബേക്കല്‍കോട്ട തിരഞ്ഞെടുത്തിരുന്നു. ഒട്ടേറെ മലയാള ചലച്ചിത്രങ്ങളുടെ ലൊക്കേഷനായിട്ടുണ്ട് ഈ കോട്ടയും കടലോരവും. മണിരത്‌നത്തിന്റെ പ്രസിദ്ധ ചിത്രയമായ 'ബോംബെ'യുടെ ചിത്രീകരണവും ഇവിടെ നടന്നു.
രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചര മണിവരെയാണ് കോട്ടയില്‍ പ്രവേശനം. തദ്ദേശീയരായ സന്ദര്‍ശകള്‍ക്ക് ഫീസ് അഞ്ചുരൂപ; വിദേശികള്‍ക്ക് നൂറ് രൂപയും. കോട്ടയ്ക്കകത്ത് ക്യാമറ അനുവദിക്കാന്‍ 25 രൂപ ഫീസടയ്ക്കണം.
തീവണ്ടി മാര്‍ഗം വരുന്നവര്‍ക്ക് ഏറ്റവുമടുത്തുള്ള സ്റ്റേഷന്‍ കാഞ്ഞങ്ങാടാണ്. തിരുവനന്തപുരത്ത് നിന്നുള്ള മലബാര്‍, മംഗലാപുരം എക്സ്പ്രസ്സുകള്‍ ബേക്കലിനോട് ചേര്‍ന്നുള്ള ബേക്കല്‍ ഫോര്‍ട്ട് സ്‌റ്റേഷനില്‍ (പഴയ പള്ളിക്കര സ്റ്റേഷന്‍) നിര്‍ത്തും. റോഡ് മാര്‍ഗമാണെങ്കില്‍ കാഞ്ഞങ്ങാട്-കാസര്‍ക്കോട് സംസ്ഥാനപാതയില്‍ക്കൂടിയാണ് വരേണ്ടത്.
കാസര്‍ക്കോട് നിന്ന് 16 കിലോമീറ്റര്‍ ആണ് ബേക്കലിലേക്കുള്ള അകലം. കാഞ്ഞങ്ങാട്ട് നിന്ന് 12 കിലോമീറ്ററും, കണ്ണൂരില്‍നിന്ന് നൂറ് കിലോമീറ്ററും, മംഗലാപുരത്തുനിന്ന് 68 കിലോമീറ്ററും.
ബേക്കല്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കാസര്‍ക്കോട് ഷോപ്പിങുമാകാം. വിദേശ സാധനങ്ങളില്‍ കമ്പമുള്ളവര്‍ക്ക് കാസര്‍ക്കോട് ചക്കര ബസാറില്‍ പോകാം. പ്രസിദ്ധമായ കാസര്‍ക്കോട് സാരി വാങ്ങാം. മാപ്പിളത്തൊപ്പികള്‍ക്കും തുകല്‍ സഞ്ചികള്‍ക്കും കാസര്‍ക്കോട് പ്രസിദ്ധമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഫോണ്‍: 0467-2272007, തണല്‍ വിശ്രമകേന്ദ്രം ബേക്കല്‍ ഫോര്‍ട്ട,് ഫോണ്‍: 0467-2272900. ബേക്കലിന്റെയും കാസര്‍ക്കോടിന്റെയും ടൂറിസം വിവരങ്ങള്‍ ഈ സൈറ്റിലും ലഭ്യമാണ്.
No comments:
Post a Comment